നാലുവർഷം മുമ്പുള്ള ഒരു വേനൽക്കാലത്താണ് നടൻ രവി വള്ളത്തോളിനെ കണ്ടത്. കേരള കൗമുദി ആഴ്ചപ്പതിപ്പിന് വേണ്ടി ഒരു അഭിമുഖം ചെയ്യുന്നതിനായിരുന്നു ആ കൂടിക്കാഴ്ച. ഹൃദ്യമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിലേക്ക് നടന്നുകയറിയ അഭിനേതാവ്. ഓർമ്മവച്ച കാലത്ത് ദൂരദർശനിൽ രാത്രി ഏഴരയ്ക്ക് സംപ്രേഷണം ചെയ്തിരുന്ന പരമ്പരകളിലൂടെയാണ് രവി വള്ളത്തോളെന്ന അഭിനേതാവിനെ കണ്ടു തുടങ്ങിയത്. കോട്ടയം കുഞ്ഞച്ചൻ, കമ്മീഷണർ, ദോസ്ത്, ഗോഡ് ഫാദർ തുടങ്ങി അടിപൊളി ചിത്രങ്ങളിലൂടെയും ക്ലാസിക് ചിത്രങ്ങൾ കാണാൻ തുടങ്ങിയ സമയത്ത് വിധേയനിലൂടെയും മതിലുകളിലൂടെയും അദ്ദേഹത്തിന്റെ മുഖം കണ്ടിട്ടുണ്ട്.
ആദ്യമായി ഒരു സിനിമാതാരത്തെ അഭിമുഖം ചെയ്യുന്നതിലുള്ള ആകാംക്ഷയും ആശങ്കയുമൊക്കെ മനസിലിട്ടാണ് ചുട്ടു പൊള്ളുന്ന ചൂടിൽ, അതിലും ഉൾച്ചൂടുമായി അദ്ദേഹത്തെ കാണാൻ പോയത്. ആദ്യ കാഴ്ചയിൽ തന്നെ മനസിലുണ്ടായിരുന്ന സർവധാരണകളെയും തെറ്റിച്ചുകളഞ്ഞ സിനിമാക്കാരനായിരുന്നു അദ്ദേഹം. താരജാഡകളില്ലാത്ത എളിമയോടെ സദാ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ഒരു മനുഷ്യൻ. മുപ്പതോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന 'തണൽ" എന്ന സ്ഥാപനത്തിന്റെ ആത്മാവ് കൂടിയാണ് അദ്ദേഹം. സ്ഥാപനത്തെയും കുട്ടികളെയും നെഞ്ചോട് ചേർത്ത് നിറുത്തുന്ന അദ്ദേഹവും ഭാര്യ ഗീതാലക്ഷ്മിയും കുട്ടികളില്ലാത്ത വേദന അങ്ങനെയാണ് മറന്നിരുന്നത്.
'തണൽ" എന്ന സ്ഥാപനത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞുതുടങ്ങി, ''ഞാനും ഭാര്യയും അടങ്ങുന്ന ഒരു കുഞ്ഞുമരത്തണലാണ് ഞങ്ങളുടെ ലോകം. അവിടേക്കാണ് ഇരുപതോളം കുട്ടികൾ വന്നുചേർന്നത്. മാനസിക വളർച്ചക്കുറവുള്ളവരാണ് ഈ കുട്ടികൾ. നമ്മുടെ ജീവിതം ധന്യമാകുന്നത് നമുക്ക് ചുറ്റുമുള്ളവരെ കൂടി പരിഗണിക്കുമ്പോഴും സഹായിക്കുമ്പോഴുമാണ്. വിദേശത്തൊക്കെ നടത്തി വരുന്ന ഇത്തരം സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടത്തെ രീതികളൊക്കെ പഠിച്ച് നല്ല കാര്യങ്ങൾ ഇവിടെയും നടപ്പിലാക്കാൻ ശ്രമിക്കാറുണ്ട്."" വല്ലാത്തൊരു സാഫല്യത്തോടെയാണ് അദ്ദേഹം ആ വിശേഷങ്ങളൊക്കെ പങ്കുവച്ചത്.
'രവി വള്ളത്തോൾ" എന്ന പേരിനു പിന്നിലെ കഥ അദ്ദേഹം നിറചിരിയോടെ പങ്കുവച്ചത് ഇപ്പോഴും ഓർക്കുന്നു. മഹാകവി വള്ളത്തോളിന്റെ അനന്തരവൾ സൗദാമിനിയുടെയും നാടകാചാര്യൻ ടി.എൻ. ഗോപിനാഥൻ നായരുടെയും മകനാണ് രവി വള്ളത്തോൾ. കല രക്തത്തിലലിഞ്ഞ തികഞ്ഞ കലാകാരൻ.
മരുമക്കത്തായത്തിൽ നിന്ന് തായ്വഴിയായി കിട്ടിയതാണ് ആ പേര്. വള്ളത്തോളെന്ന പേര് ജീവിതത്തിൽ നൽകിയത് വലിയ സൗഭാഗ്യങ്ങളാണ്, അതോടൊപ്പം ചില ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. പഠനകാലത്ത് അദ്ധ്യാപകർ അമ്മാവൻ വള്ളത്തോളിന്റെ കവിത ചൊല്ലാനും വിശേഷങ്ങൾ ചോദിച്ചറിയാനും വന്നിരുന്നു. അമ്മാവന്റെ പേര് നൽകിയ ഉത്തരവാദിത്തം കാരണം കുഞ്ഞു രവി നടപ്പിലും സംസാരത്തിലും ഇരിപ്പിലുമെല്ലാം അച്ചടക്കം പാലിക്കാൻ ശ്രമിച്ച കഥ അദ്ദേഹം പൊട്ടിച്ചിരിയോടെ പറഞ്ഞു. പാരമ്പര്യത്തിന്റെ മാത്രം പിൻബലത്തിലല്ല രവി വള്ളത്തോൾ സിനിമയിലെത്തും മുമ്പ് ഇരുപത്തിയഞ്ചോളം ചെറുകഥകൾ എഴുതിയത്. ഭാരതപ്പുഴയിൽ കളിച്ചതും വള്ളത്തോൾ വായനശാലയിൽ നിന്ന് കൂട്ടുകാർക്കൊപ്പം പുസ്തകം വായിച്ചതും മാമ്പഴം കഴിച്ച് നടന്നതുമൊക്കെ അദ്ദേഹത്തിന് മറക്കാൻ പറ്റാത്ത ഓർമ്മകളായിരുന്നു. പുസ്തകം വായിച്ച് മൂന്നാം ദിവസം ആസ്വാദന കുറിപ്പ് എഴുതി നൽകണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പത്തിലേ കൂട്ട് പുസ്തകങ്ങളായിരുന്നു.
എഴുത്തിൽ പിന്നിലാണെന്നും എന്നാൽ വായനയിൽ മുന്നിലാണെന്നും അദ്ദേഹം സ്വയംവിമർശനം നടത്തുമായിരുന്നു. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഒരു റേഡിയോ നാടകമെഴുതിയത്. ആ നാടകമാണ് പിന്നീട് സത്യൻ അന്തിക്കാട് 'രേവതിക്കൊരു പാവക്കുട്ടി" എന്ന സിനിമയാക്കിയത്. ആകാശവാണിയിലെ റേഡിയോ നാടകങ്ങൾക്ക് ശബ്ദം കൊടുത്തിരുന്ന അദ്ദേഹത്തിന് ദൂരദർശൻ ആരംഭിച്ചപ്പോൾ വാർത്ത വായിക്കാനായി അവസരം കിട്ടിയെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. എന്നാൽ വാർത്താവതരണത്തിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടെന്നും തന്നെക്കൊണ്ട് അതൊന്നും കൃത്യമായി ചെയ്യാൻ പറ്റില്ലെന്നും മനസിലാക്കിയ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. ഒടുവിലാണ് 'വൈതരണി", ഭാസ്കരൻ മാഷ് സീരിയലാക്കിയപ്പോൾ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം അഭിനയിച്ച് തുടങ്ങിയത്. പരിചയമില്ലാത്തതിനാൽ തന്നെ ധാരാളം സംശയങ്ങളും ഉത്കണ്ഠയുമൊക്കെയുണ്ടായിരുന്നു. എന്നാൽ അതൊക്കെ മാറ്റിയെടുത്തത് ഭാസ്കരൻ മാഷായിരുന്നു. വൈതരണി കണ്ടിട്ട് രവി വള്ളത്തോളിനെ ആദ്യം വിളിച്ച് അഭിനന്ദിച്ചതും ഉപദേശിച്ചതും പദ്മരാജൻ ആയിരുന്നു.
ആരും അഭിനയിക്കാൻ കൊതിക്കുന്ന അടൂർ സിനിമകളിൽ അവസരം പലപ്പോഴായി കിട്ടിയത് വലിയൊരു സൗഭാഗ്യമായാണ് രവി വള്ളത്തോൾ കൊണ്ടുനടന്നത്. അടൂരിനെ ഭ യഭക്തിയോടെ കണ്ടിരുന്ന അദ്ദേഹത്തോട് അടൂർ സിനിമകളെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു. 'അടൂർ സിനിമകൾ വിലയിരുത്താൻ ഞാൻ ആളല്ല. അഭിനയ സാദ്ധ്യതയുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റേത്." സംസാരത്തിനിടയിൽ ആകെ കുറ്റബോധത്തോടെ പറഞ്ഞിരുന്നത് 'ഇടുക്കി ഗോൾഡി" ൽ തെറി വാക്ക് ഉപയോഗിക്കാൻ നിർബന്ധിതനായതിനെ കുറിച്ചാണ്. അടിമുടി മാന്യനായ അദ്ദേഹത്തിന് ന്യൂ ജെൻ സിനിമകളിൽ തെറി വാക്ക് കൂടി വരുന്നതിൽ വലിയ പരാതിയുണ്ടായിരുന്നു. എന്നാൽ പുതുമയും വ്യത്യസ്തതയുമുള്ളതാണ് ന്യൂ ജെൻ സിനിമകളെന്ന് കൂടി അദ്ദേഹം പറയും. ന്യൂജെൻ ചിത്രങ്ങളിലെ സാങ്കേതിക മികവിനെയും രവി വള്ളത്തോളെന്ന കലാകാരൻ ഹൃദയം തുറന്ന് അഭിനന്ദിച്ചിരുന്നു. മിനിസ്ക്രീൻ മമ്മൂട്ടിയെന്ന് തന്നെ പലരും വിളിച്ചിരുന്നത് ഏറെ സന്തോഷത്തോടെയാണ് രവി വള്ളത്തോൾ പറഞ്ഞിരുന്നത്. മമ്മൂട്ടി നിർമ്മിച്ച 'ജ്വാലയായ്" സീരിയലിലേക്ക് ക്ഷണിച്ചപ്പോൾ തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിൽ വച്ച് സാക്ഷാൽ മമ്മൂട്ടി തന്നെയും അങ്ങനെ വിളിച്ചത് സ്വകാര്യ അഹങ്കാരമായാണ് രവി വള്ളത്തോൾ കൊണ്ടുനടന്നിരുന്നത്. എൺപതുകളിൽ ഭാര്യ മരിച്ച കുറേ കഥാപാത്രങ്ങൾ മമ്മൂട്ടി ചെയ്തിരുന്നു. അത്തരം കഥാപാത്രങ്ങളായിരുന്നു സീരിയലിൽ തനിക്കും കിട്ടിയതെന്നും അതുകൊണ്ടാകാം മിനിസ്ക്രീൻ മമ്മൂട്ടിയെന്ന വിളി വന്നതിന്റെ പിന്നിലെ കാരണമെന്നുമാണ് രവി വള്ളത്തോൾ പറഞ്ഞിരുന്നത്. സ്കൂൾ കാലം തൊട്ടുള്ള സുഹൃത്തായ ജഗതി ശ്രീകുമാറിനെപ്പറ്റി പറയാൻ അദ്ദേഹത്തിന് നൂറ് നാവായിരുന്നു. ആ ഓർമ്മകൾ പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മറ്റൊരു സുഹൃത്തും സഹപാഠിയുമായിരുന്ന മുൻ ചീഫ് സെക്രട്ടറി ജയകുമാർ പറഞ്ഞത് ഇങ്ങനെയാണ് 'രവി അങ്ങനെയാണ്. വെറുമൊരു പാവമാണ്, പെട്ടെന്ന് കരയും..." അഭിമുഖം അച്ചടിച്ച് വന്ന ശേഷം അദ്ദേഹം ഓഫീസിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. ആ ലക്കം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം നടി സരയു ആയിരുന്നു. തന്നോടൊപ്പം അഭിനയിച്ച നടി സരയുവിന്റെ കവർ ചിത്രത്തിനുള്ളിലെ പേജിൽ തന്റെ അഭിമുഖം അച്ചടിച്ച് വന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. അത്രയ്ക്ക് ഹൃദയവിശാലതയുള്ള മത്സരബുദ്ധിയില്ലാത്ത ഒരു മനുഷ്യനായിരുന്നു രവി വള്ളത്തോൾ.
പിന്നീടും ആ ബന്ധം തുടർന്നു. പലപ്പോഴായി വീട്ടിൽ പോയി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുമ്പോഴെല്ലാം കലാഭവൻ തീയേറ്ററിന് അടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി കണ്ട് സംസാരിച്ചു. സുഹൃത്തായ ജയകുമാർ വൈസ് ചാൻസലറായിരുന്ന മലയാള സർവകലാശാലയിൽ പഠിച്ച പയ്യൻ എന്ന സ്നേഹമായിരുന്നു എന്നോട്.
ജയകുമാർ സാർ പടിയിറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ബന്ധുവായ അനിൽ വള്ളത്തോൾ യാദൃശ്ചികമായി സർവകലാശാല വൈസ് ചൻസലർ ആയതിലും അദ്ദേഹത്തിന് സന്തോഷമായിരുന്നു. പോകുമ്പോഴെല്ലാം കാലു വയ്യാത്ത കാര്യം അദ്ദേഹം സൂചിപ്പിക്കുമായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് നടന്നിരുന്നത്. ഒടുവിലായി കാണാൻ പോയ ദിവസം വരാന്തയിലിരുന്ന അദ്ദേഹത്തിന് ഞാൻ ആരെന്ന് പോലും ഓർമ്മയില്ലായിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ മരണവാർത്ത തേടി വന്നത്. ഓൺലൈനിലേക്ക് വേണ്ടി കണ്ണുകൾ നനഞ്ഞ് ആ വാർത്ത തയ്യാറാക്കേണ്ടിയും വന്നു. അന്ന് അഭിമുഖം തയ്യാറാക്കിയ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് പോലെ ആ മനുഷ്യൻ തിളക്കമില്ലാത്ത ലോകത്ത് ജീവിച്ചു, അങ്ങനെ തന്നെയായിരുന്നു മരണവും. അദ്ദേഹത്തെ അടുത്തറിഞ്ഞവരാരും അന്നത്തെ ദിവസം ഉറങ്ങില്ലെന്ന് എനിക്ക് ഉറപ്പാണ്. അഭിനയത്തെക്കാൾ വലുതാണ് ജീവിതമെന്ന് ഓരോ നിമിഷവും ഓർമ്മിപ്പിച്ച മനുഷ്യനായിരുന്നു രവി വള്ളത്തോൾ.