ബീജിംഗ്: ചൈനയില്‍നിന്ന് ഉപയോഗ ശൂന്യമായ കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഇറക്കുമതി ചെയ്തെന്ന ഇന്ത്യയുടെ ആരോപണം തെറ്റെന്ന് ചെെന. ചെെനയിൽ നിന്ന് വാങ്ങിയ കിറ്റുകൾ തിരികെ നൽകണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആർ) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കിറ്റുകൾ കെെകാര്യം ചെയ്യുന്നതിൽ ചെെന ഇന്ത്യയെ കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് ബീംജിംഗ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ചൈനീസ് ഉൽപന്നങ്ങൾ മോശപ്പെട്ടതെന്നു മുദ്രകുത്തുന്നതും മുൻവിധിയോടെ സമീപിക്കുന്നതും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) നടത്തിയ മൂല്യ നിര്‍ണത്തിലും തീരുമാനത്തിലും ചൈനയ്ക്ക് അതൃപ്തിയും ആശങ്കയും ഉണ്ടെന്നും ഇന്ത്യയിലെ ചെനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു.
കിറ്റുകൾ കെെകാര്യം ചെയ്യുന്നതിലും, ഉപയോഗം, കൊണ്ടുപോകൽ, എന്നിവ സംബന്ധിച്ച് ചില ചട്ടങ്ങൾ ഉണ്ട്. ഉൽപന്നത്തിന്റെ സവിശേഷതകളും ടെസ്റ്റിംഗിനെ ബാധിക്കും. ചില വ്യതിയാനങ്ങളുണ്ടായേക്കും - ജി റോംഗ് പറഞ്ഞു.
ടെസ്റ്റുകളിൽ വ്യതിയാനമുണ്ടെന്നാണ് ഐ.സി.എം.ആറും ചൂണ്ടിക്കാട്ടിയത്. ആർ.ടി-പി.സി.ആർ കൊവിഡ് പരിശോധനയ്ക്ക് ഏറ്റവും നല്ല മാർഗമാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. രണ്ട് ചൈനീസ് കമ്പനികള്‍ നിര്‍മ്മിച്ച കിറ്റുകളാണ് ഉപയോഗശൂന്യമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തിയിട്ടുള്ളത്. ഗ്വാങ്‌ഷോ വോണ്ട്‌ഫോ ബയോടെക്, സുഹായ് ലിവ്‌സണ്‍ ഡയഗ്നോസ്റ്റിക്‌സ് എന്നിവയാണ് മോശം കിറ്റുകള്‍ നിര്‍മ്മിച്ച കമ്പനികളെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഈ രണ്ട് കമ്പനികളും ഇതിനകം തന്നെ ഈ വിഷയത്തിൽ പ്രസ്താവന നടത്തിയിരുന്നു. തങ്ങളുടെ കൊവിഡ് കിറ്റുകൾ നാഷണൽ മെഡിക്കൽ പ്രൊഡക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ചെെനയുടെ(എൻ.എം.പി.എ)സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ടെന്നും ഗുണനിലവാരമുള്ളവയാണെന്നും ഇരുവരും വ്യക്തമാക്കി. കൂടാതെ പൂനെ മനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെെറോളജി (എൻ.ഐ.വി) അംഗീകരിക്കുകയും ചെയ്തതാണെന്നും പര്യാപ്തമായ ഉൽപന്നമാണെന്ന് വ്യക്തമാക്കുകയും ചെയ്തതാണെന്ന് കമ്പനികൾ എടുത്തു പറയുന്നു.
ഈ രണ്ട് കമ്പനികളും നിർമിക്കുന്ന കിറ്റുകൾ യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളിൽ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും ചെെനീസ് വക്താവ് പറയുന്നു. കൊവിഡിനെ നേരിടാൻ ബീജിംഗ് നൽകുന്ന സഹായത്തെക്കുറിച്ചും ചെെനീസ് എംബസി ഓർമ്മിപ്പിച്ചു. കൊവിഡിനെതിരായ പോരാട്ടത്തിൽ ചെെന ഇന്ത്യയെ ആത്മാർത്ഥമായി പിന്തുണയ്ക്കുകയും സഹായിക്കുകയും വേണ്ട നടപടികൾ കെെക്കൊള്ളുകയും ചെയ്യുന്നുണ്ട്.
ചെെനയിൽ നിന്നുള്ള കയറ്റുമതി മെഡിക്കൽ കിറ്റുകൾക്ക് മുൻഗണന നൽകുന്നു. ചില വ്യക്തികൾ മാത്രം ചെെനീസ് ഉത്പന്നങ്ങൾ ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടുന്നത് കൊണ്ട് സർക്കാർ മുൻവിധിയോടെ കാണുന്നത് അന്യായവും നിരുത്തിരവാദിത്തവുമാണെന്നും അവർ പറഞ്ഞു. നിലവിലെ പ്രശ്നം സംബന്ധിച്ച് വസ്തുതകൾ മനസിലാക്കണെമന്നും ന്യായമായ രീതിയിൽ പരിഹരിക്കണമെന്നും ചെെനീസ് വക്താവ് വ്യക്തമാക്കുന്നു. കൊവിഡിനെതിരെ പോരാടാൻ ഇന്ത്യയെ ഇനിയങ്ങോട്ടും പിന്തുണയ്ക്കും. അഞ്ച് ലക്ഷം കിറ്റുകളാണ് സംസ്ഥാനങ്ങളിൽ വിതരണം ചെയ്തത്. നിരവധി സംസ്ഥാനങ്ങൾ കിറ്റിനെതിരെ പരാതി ഉയർത്തിയിരുന്നു.