മഹത്തായഒരു പാരമ്പര്യത്തിന്റെ സുദീർഘശൃംഖലയിലെ മിഴിവുറ്റൊരു കണ്ണിയായി ജനിക്കാൻ ഭാഗ്യം സിദ്ധിക്കുക; അതിതീഷ്ണമായ പ്രതിസന്ധികളുമായി ഏറ്റുമുട്ടേണ്ടിവരിക; തലമുറകളിലൂടെ വാർന്നുവീണ ആത്മധൈര്യവും സംശുദ്ധമായ ഒരു ജീവിതത്തെപ്പറ്റിയുള്ള സങ്കൽപ്പങ്ങളും പ്രതിബന്ധങ്ങളോട് ഏറ്റുമുട്ടുവാനുള്ള പടവാളായി എടുത്തുപയോഗിച്ച് ജീവിത ഭാഗധേയങ്ങൾ സ്വയം സൃഷ്ടിക്കുക; അതുവഴി സമകാലീന ജീവിതത്തിലെ ഗണനീയ വ്യക്തിയായിത്തീരുക; കേന്ദ്ര സർക്കാർ വികസന ഏജൻസിയായി രൂപീകരിച്ച ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയർമാൻ ബി.എസ്. ബാലചന്ദ്രനെ ഇങ്ങനെ വിലയിരുത്താം.
ആരാണ് ബി.എസ്. ബാലചന്ദ്രൻ? രാഷ്ട്രീയ നേതാവാണോ, സാമൂഹ്യ പ്രവർത്തകനാണോ, പരിവർത്തനവാദിയാണോ...?അതോ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനും പരിഷ്ക്കരണത്തിനുമായി നവംനവങ്ങളായ പരിപാടികൾ ആവിഷ്ക്കരിക്കുക മാത്രമല്ല അവ നടപ്പിലാക്കുകകൂടി ചെയ്യുന്ന സാമൂഹ്യ പരിഷ്ക്കർത്താവാണോ...? അതുമല്ലെങ്കിൽ സകലരെയും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അതിനായി ഭഗീരഥ പ്രയത്നം നടത്തുന്ന മനുഷ്യസ്നേഹിയോ? വിജ്ഞാനത്തിലൂടെ വികസനം എന്ന കാഴ്ചപ്പാടോടെ രൂപീകരിക്കപ്പെട്ട കാൻഫെഡിന്റെ ജനനം മുതൽ അതിന് വെള്ളവും വളവും നൽകാൻ കഠിനാദ്ധ്വാനം നടത്തുന്ന അക്ഷര സ്നേഹിയോ...അല്ലെങ്കിൽ കുടുംബ കൂട്ടായ്മയിലൂടെ മികച്ച പുരോഗതി എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ജനശ്രീ പ്രസ്ഥാനത്തിന്റെ തേരാളിയോ? അതോ അജ്ഞാന കാരണങ്ങളാൽ വിസ്മരിക്കപ്പെട്ടുപോയവരും ആർഷഭാരത ശിൽപികളുമായ ഋഷിവര്യന്മാരെയും അവർ നൽകിയ അമൂല്യസംഭാവനകളേയും മനുഷ്യ മനസ്സുകളിലേക്ക് തിരികെ ആവാഹിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ആർഷ സംസ്കൃതീ ഭക്തനോ? അതോ നിരന്തര വായനയിലൂടെ ആർജ്ജിച്ച അറിവിന്റെ പശ്ചാത്തലത്തിൽ 'രാമായണം ഉൾപ്പെടെയുള്ള വിശിഷ്ട ഗ്രന്ഥങ്ങളെ പുനരാഖ്യാനം ചെയ്യുന്ന ഗ്രന്ഥകാരനോ? ബി.എസ്. ബാലചന്ദ്രനെ ഇവയിൽ ആരായി കാണാം? ഇതിനുത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്ന പക്ഷം ഒരു കാര്യം നമുക്ക് വ്യക്തമായി മനസിലാക്കാനാവൂം; 'അദ്ദേഹം ഇവയിലൊന്നല്ല മറിച്ച് ഇവയെല്ലാമാണ്' എന്ന്! ഏതെങ്കിലും ഒരു കള്ളിയിൽ ഒതുക്കി നിർത്താനാവുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം! 'ബഹുമുഖപ്രതിഭ" എന്ന കിരീടം അദ്ദേഹത്തിന് നന്നായിണങ്ങുമെന്നും വസ്തുതകൾ വിലയിരുത്തുന്ന ആർക്കും വ്യക്തമാവും. ഇത്തരുണത്തിൽ ഒരു യാഥാർത്ഥ്യം കൂടി ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. തലയ്ക്ക് പാകമായ തൊപ്പിമാത്രമേ ബി.എസ്. ബാലചന്ദ്രൻ ഇതപര്യന്തം ധരിച്ചിട്ടുള്ളൂ. തൊപ്പിക്കു പാകമായി തല മുറിക്കുന്നവരുടെ ഗണത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്താനേ കഴിയില്ല.
ഒരഭിമുഖ സംഭാഷണത്തിനായി ഡോ. ബി.എസ്. ബാലചന്ദ്രനെ ബന്ധപ്പെട്ടപ്പോൾ ''എപ്പോൾ വേണമെങ്കിലും വന്നോളൂ. പക്ഷേ സമയം നേരത്തെ ഒന്നറിയിച്ചാൽ നന്നായിരുന്നു"" എന്നതായിരുന്നു മറുപടി. ബഹുമുഖങ്ങളായ പ്രവർത്തനങ്ങളും പരിപാടികളുമൊക്കെയായി വ്യാപരിച്ചു നൽക്കുകയും ഭാരത് സേവക് സമാജ്, കാൻഫെഡ്, ജനശ്രീ,തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം തുടങ്ങിയുള്ള വിവിധ പ്രസ്ഥാനങ്ങളുടെയും ഒട്ടേറെ സുപ്രധാന സംഘടനകളുടെയും ചുക്കാൻ പിടിക്കുകയും ചെയ്യുന്ന തിരക്കേറിയ വ്യക്തിയിൽ നിന്നും പ്രതീക്ഷിച്ചതായിരുന്നില്ല ഈ മറുപടി. ഇക്കാര്യം സൂചിപ്പിച്ചപ്പോഴുള്ള മറുപടിയാവട്ടെ അതിലും വിചിത്രം! ''ജനങ്ങൾക്കോ നാടിനോ പ്രയോജനകരമായ ഏത് സംരംഭവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സമയം ഇനിയും ഏറെ ബാക്കിയുണ്ട്."" എന്നതായിരുന്നു. ഒരു ദിവസം ഏറിയാൽ മൂന്നോ നാലോ മണിക്കൂറുകൾ മാത്രം ഉറങ്ങുകയും ശേഷിക്കുന്ന മുഴുവൻ സമയവും കർമ്മനിരതനാവുകയും ചെയ്യുന്ന ഒരു വ്യക്തിയിൽ നിന്നുമുണ്ടായ ഈ മറുപടി അദ്ദേഹത്തിന്റെ സാമൂഹ്യ സേവനത്വര ഉയർത്തിക്കാട്ടുന്നത് തന്നെയാണ്.
ബി.എസ്. ബാലചന്ദ്രന്റെ പൊതു പ്രവർത്തനത്തിന് ബീജാവാപം നടന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. 1960-കളുടെ അവസാനത്തിലും 1970-കളുടെ ആരംഭത്തിലുമായി രാജ്യത്തലയടിച്ചുയർന്ന യുവ കോൺഗ്രസ് തരംഗമാണ് കോൺഗ്രസ് വിദ്യാർത്ഥിസംഘടനയിലേക്ക് ശ്രദ്ധിക്കാൻ കാരണമായതെന്ന് ബി.എസ്. ബാലചന്ദ്രൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗവ. ആർട്്സ് കോളേജിൽ പ്രവേശനം ലഭിക്കുമെന്നു കരുതി കാത്തിരുന്ന് നടക്കാതെ വന്നപ്പോൾ ചെമ്പഴന്തി എസ്.എൻ. കോളേജ് പ്രിൻസിപ്പലായിരുന്ന ഷേക്സ്പിയർ വേലായുധൻ നായർ എന്നറിയപ്പെട്ടിരുന്ന വേലായുധൻ നായർ സാറിന്റെ ഔദാര്യത്തിൽ അവിടെ പ്രവേശനം ലഭിച്ചതോടെ അവിടെ നിന്നായിരുന്നു തുടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ കെ.എസ്.യുവിന്റെയും കോൺഗ്രസിന്റേയും സജീവ പ്രവർത്തകനാവാൻ കാരണം അന്നത്തെ കെ.എസ്.യു നേതാവ് എം.എം. ഹസ്സനാണെന്നും അദ്ദേഹത്തിന്റെ കത്തിക്കാളുന്നപ്രസംഗമാണ് തന്നെ അദ്ദേഹത്തിലേക്കും കോൺഗ്രസിലേക്കും ആകൃഷ്ടനാക്കിയതെന്നും ബി.എസ്. പറഞ്ഞു.
പേരൂർക്കട ഗവ. ഹൈസ്കൂളിൽ കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ച് സ്കൂൾ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും കെ.എസ്.യുവിന് നേടിക്കൊടുത്തുകൊണ്ടുള്ളതായിരുന്നു പേരൂർക്കട പ്രദേശത്തെ ബി.എസിന്റെ രാഷ്ട്രീയ അരങ്ങേറ്റം. വിദ്യാഭ്യാസകാലത്തെ സജീവരാഷ്ട്രീയ പ്രവർത്തനമാണ് തുടർന്നദ്ദേഹത്തെ പ്രാദേശിക രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് നയിച്ചത്. ട്രാൻസ്പോർട്ട് സമരവുമായി ബന്ധപ്പെട്ട് ബി.എസ്. ബാലചന്ദ്രൻ അറസ്റ്റിലാവുന്നത് ഈ ഘട്ടത്തിലാണ്. ഇതിനുശേഷം ട്രേഡ്യൂണിയൻ പ്രവർത്തനരംഗത്തേയ്ക്ക് കടന്നതിനെക്കുറിച്ചും ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം വിശദീകരിച്ചു.
''1975 ജൂൺ 26-ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഞാൻ തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെടുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് നഗരത്തിലെ ചുമട്ടുതൊഴിലാളി സംഘടനകളിൽ വലിയ മാറ്റമുണ്ടായി. എല്ലായിടങ്ങളിലും ഐ.എൻ.ടി.യു.സി സംഘടനകൾ മാത്രം. എന്നാൽ പേരൂർക്കടയിൽ യൂണിഫോം ധരിച്ച സി.ഐ.ടി.യു തൊഴിലാളികളുമുണ്ടാ യിരുന്നു. അവരെ തടയണമെന്ന് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അഭിപ്രായമുണ്ടായെങ്കിലും പേരൂർക്കടയിൽ ഞങ്ങൾ അതിന് തയ്യാറായില്ല. ജനാധിപത്യ സംവിധാനത്തിൽ അവർക്കും പ്രവർത്തിക്കാൻ അവകാശമുണ്ടെന്ന അഭിപ്രായമാണ് ഞങ്ങൾ സൂക്ഷിച്ചത്. അങ്ങനെ അടിയന്തിരാവസ്ഥക്കാലത്ത് സി.ഐ.ടി.യു-ഐ.എൻ.ടി.യു.സി തൊഴിലാളികൾ അവരവരുടെ യൂണിഫോം ധരിച്ച് ഒരുമിച്ച് പ്രവർത്തിച്ച ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പേരൂർക്കട."" ഈ കാലഘട്ടത്തിൽ നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.എസ്. സജീവമായി ഇടപെട്ടിരുന്നു. ഒട്ടേറെ വേദികളിൽ അദ്ദേഹം പ്രസംഗിച്ചു. ഇപ്പോൾ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ് ബി.എസ്. ബാലചന്ദ്രൻ.
രാഷ്ട്രീയവും വ്യക്തിബന്ധവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് തനിക്ക് ചിന്തിക്കാൻപോലും കഴിയുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയാഭിപ്രായങ്ങൾക്കും അഭിപ്രായഭിന്നതകൾക്കുപരിയായി സുഹൃദ്ബന്ധങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാൻ കഴിയുന്നതെന്നും തെല്ലൊരഭിമാനത്തോടെ അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പരിശീലനകേന്ദ്രമായ സി.എസ്.ഡി.ടിയുടെ സെക്രട്ടറിയായിരുന്നു ബി.എസ്. ബാലചന്ദ്രൻ. ഡോ. പി.കെ. ഗോപാലകൃഷ്ണൻ ചെയർമാനായി രൂപീകരിക്കപ്പെട്ട പരിശീലനകേന്ദ്രത്തിന്റെ സെക്രട്ടറിയായി അദ്ദേഹത്തെ നിശ്ചയിച്ചതും നിയോഗിച്ചതും രാഷ്ട്രീയ ഭീഷ്മാചാര്യനെന്നറിയപ്പെടുന്ന കെ.കരുണാകരനാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കമലാദാസിന്റെ (മാധവിക്കുട്ടി) പുത്രനുമായ എം.ഡി. നാലപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാഷ്ട്രീയ പഠനകേന്ദ്രമായ 'കൗടില്യ ട്രസ്റ്റി" ന്റെ പ്രവർത്തനങ്ങളിലും ബി.എസ്. ബാലചന്ദ്രൻ പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ബി. എസ്. ഇങ്ങനെ പറഞ്ഞു: ''എം.ഡി. നാലപ്പാടുമായി അടുത്തിടപെടാൻ അവസരം ലഭിച്ചത് കൗടില്യാ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. ഞങ്ങൾ തമ്മിൽ വളരെ അടുത്തു. സഹോദരനിർവിശേഷമായ സ്നേഹമാണ് എം.ഡി. നാലപ്പാടിന് എന്നോടുള്ളത്. നാലപ്പാടിന്റെ മാതാവ് കമലാദാസും എന്നെ നാലപ്പാടിനൊപ്പം പുത്രനെപ്പോലെ കണ്ടു.""
അൽപ്പസമയത്തെ നിശബ്ദതയ്ക്കുശേഷം ബി.എസ്. ബാലചന്ദ്രൻ തുടർന്നു: ഒരു ദിവസം എം.ഡി. നാലപ്പാട് എന്നെ വിളിച്ച് ഉടനെ തന്നെ പി.ടി. ഭാസ്കരപ്പണിക്കരെ കാണാൻ നിർദ്ദേശിച്ചു. അന്നുതന്നെ പി.ടി. ബിയെ ഞാൻ നേരിൽ കണ്ടു. അദ്ദേഹം വളരെ സ്നേഹപൂർവം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം പുതുതായി എഡിറ്റ് ചെയ്യുന്ന പുസ്തകവുമായി ബന്ധപ്പെട്ട ജോലികൾക്കായി എന്നെ നിയോഗിച്ചു. പ്രഭാത് ബുക്ക് ഹൗസിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരുന്നത്.
''പി.ടി. ഭാസ്ക്കരപ്പണിക്കർ തയ്യാറാക്കിയിരുന്ന പുസ്തകത്തിന്റെ പേര് 'ലോകചരിത്രം: അവലോകനം" എന്നായിരുന്നു. സോവിയറ്റ് യൂണിയൻ പ്രസിദ്ധീകരിച്ച ലോക ചരിത്രത്തിന്റെ മലയാളം പരിഭാഷയായിട്ടാണ് അത് പ്രസിദ്ധീകരിച്ചത്. ചരിത്രം സൃഷ്ടിക്കുന്നതും പൊളിച്ചെഴുതുന്നതും മാറ്റുന്നതുമെല്ലാം രാജാവും ഭരണകൂടങ്ങളുമാണെന്നുള്ള കാഴ്ചപ്പാടിനു വിരുദ്ധമായി ചരിത്രത്തിന്റെ സ്രഷ്ടാക്കൾ ജനങ്ങളും ജനശക്തിയുമാണ് എന്ന സന്ദേശമാണ് പുസ്തകത്തിന്റെ ഉൾക്കരുത്ത്. ചൂഷകരും ചൂഷിതരുമില്ലാത്ത; മർദ്ദകരും മർദ്ദിതരുമില്ലാത്ത, അധിപന്മാരും വിധേയരുമില്ലാത്ത ഒരു സാമൂഹിക സാഹചര്യത്തെ സ്വപ്നം കണ്ട് ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രമാണിത്. കാറൽമാർക്സിന്റെയും ഫെഡറിക് ഏംഗൽസിന്റെയും തത്വചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കുന്നതിൽ ലെനിനും സ്റ്റാലിനും നൽകിയ സംഭാവനകൾ വളരെ വിശദമായിത്തന്നെ ഈ ചരിത്രഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. പാരീസ് കമ്മ്യൂൺ മുതൽ ബോൾഷെവിക് വിപ്ലവം വരെയുള്ള കാലഘട്ടങ്ങളെ സവിസ്തരം വിശദീകരിക്കുന്നുമുണ്ട്.'' കമ്മ്യൂണിസത്തെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് സാഹചര്യത്തെക്കുറിച്ചോ അതുവരെ പഠിക്കുവാനോ മനസ്സിലാക്കുവാനോ താൻ ശ്രമിച്ചിരുന്നില്ല എന്ന സത്യം തുറന്നുപറഞ്ഞുകൊണ്ടുതന്നെ പുതുതായി ലഭിച്ച ഈ അറിവാണ് കമ്മ്യൂണിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഗാഢമായി ചിന്തിക്കാനും മനസ്സിലാക്കുവാനുമുള്ള വഴിമരുന്നിട്ടത്."" -അദ്ദേഹം പറഞ്ഞു.
കാൻഫെഡ് പ്രവർത്തനങ്ങളെക്കുറിച്ച് ആരാഞ്ഞപ്പോൾ ബി.എസിന്റെ മുഖം തുടുത്തു. ഒരു നവോന്മേഷം കൈവന്നതുപോലെ! ഒന്നിളകിയിരുന്ന് ബാലചന്ദ്രൻ പറഞ്ഞു: ''പി.ടി. ഭാസ്ക്കരപ്പണിക്കർ സാറാണ് ഒരു ദിവസം എന്നെ ടെലഫോണിൽ വിളിച്ച് പി.എൻ. പണിക്കരെ അടിയന്തരമായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണണം എന്ന് നിർദ്ദേശിച്ചത്. പി.എൻ. പണിക്കർ ഗ്രന്ഥശാലാ സംഘം സെക്രട്ടറി സ്ഥാനത്തുനിന്നും മാറിയ കാലഘട്ടമായിരുന്നു അത്. പി.എൻ. പണിക്കരെ കണ്ടപ്പോൾ അദ്ദേഹം എന്നോട് കാൻഫെഡിനെ സംബന്ധിച്ച് വളരെ വിശദമായി സംസാരിച്ചു. ഒടുവിൽ പി.എൻ. പണിക്കരുമൊത്തുള്ള മുഴുവൻ സമയ പ്രവർത്തകനായിരിക്കും താനെന്ന് മനസിൽ പ്രതിജ്ഞയെടുത്തുകൊണ്ടായിരുന്നു മടക്കം. ചുരുക്കം നാളുകൾകൊണ്ട് കാൻഫെഡ്എന്റെ കുടുംബമായി മാറി!"" - ബി.എസ്. ബാലചന്ദ്രൻ പറഞ്ഞു.
വിദ്യാർത്ഥി, യുവജന രാഷ്ട്രീയത്തിൽ സജീവമായിരുന്ന തന്റെ പ്രവർത്തനം മറ്റൊരു ദിശയിലേക്ക് വഴിമാറിയൊഴുകുന്നതുകൊണ്ട് സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച കാര്യവും അദ്ദേഹം സ്മരിച്ചു. ഒന്നു നിറുത്തി വെളുക്കെ ചിരിച്ചുകൊണ്ട് ബി.എസ് തുടർന്നു. ''ഒരുദിവസം നന്ദാവനം കെ.പി.സി.സി ഓഫീസിൽ വെച്ച് ലീഡർ കെ. കരുണാകരൻ എന്നോടുപറഞ്ഞു: ''ബാലചന്ദ്രൻ; താൻ പണിക്കർക്കൊപ്പം നടന്ന് ജീവിതം സ്പോയിൽ ചെയ്യരുത്. തനിക്ക് കെ.എസ്.യുവിലോ, യൂത്ത് കോൺഗ്രസിലോ എന്തു ചുമതലയാണ് വേണ്ടത്...? പറയൂ, ശരിയാക്കാം."" ഇതുകേട്ട് ഞാൻ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.""
കാൻഫെഡിനുവേണ്ടി ചോര നീരാക്കി പ്രവർത്തിച്ച ചരിത്രം വിശദീകരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്ത ഒരു ആവേശമാണ് കാണാൻ കഴിഞ്ഞത്. ഇന്ന് കാൻഫെഡിന്റെ ചെയർമാൻ കൂടിയാണ് ബി.എസ്. ബാലചന്ദ്രൻ.തന്റെ ആശയമനുസരിച്ച് രൂപീകരിക്കപ്പെട്ട കേരള ഫോറസ്ട്രി ബോർഡിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും തികഞ്ഞ അഭിമാനത്തോടെയാണ് ബി.എസ്. വിശദീകരിച്ചത്. 1980-കളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളാണ് തന്നെ ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് ആദ്യം എ.പി. ഉദയഭാനു ചെയർമാനായും രണ്ടാമത് കമലാദാസ് (മാധവിക്കുട്ടി) ചെയർപേഴ്സണായും രണ്ടുഘട്ടങ്ങളിലും താൻ സെക്രട്ടറിയായും നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം വിശദമായി സംസാരിച്ചു. ഫോറസ്ട്രി ബോർഡിന് കേന്ദ്ര സർക്കാരിന്റെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ലഭിച്ചതും ബാബാ ആംതേയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങാൻ കമലാദാസിനൊപ്പം താനും ദില്ലിയിൽ പോയതുമായ കാര്യങ്ങളെല്ലാം തികഞ്ഞ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് ബി.എസ്. ബാലചന്ദ്രൻ വിശദീകരിച്ചത്.
ഈ കാലയളവിനിടെ പ്രമുഖരും പ്രഗത്ഭരുമായ ഒട്ടേറെ മഹാരഥന്മാരുമായി അടുത്തിടപെടാനും ഒരുമിച്ച് പ്രവർത്തിക്കാനും അവരുടെയൊക്കെ സ്നേഹാഭിനന്ദനങ്ങൾക്ക് പാത്രീഭൂതനാവാനും ബി.എസ്.ബാലചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ പി.ടി. ഭാസ്ക്കരപ്പണിക്കർ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പത്രാധിപർ കെ. സുകുമാരൻ, എൻ.വി. കൃഷ്ണവാര്യർ, പി. ഗോവിന്ദപ്പിള്ള, ഡോ.കെ.എൻ. രാജ്, മഹാകവി പി. കുഞ്ഞിരാമൻ നായർ, എ.പി. ഉദയഭാനു, കമലാദാസ്, എം.ഡി. നാലപ്പാട്, പി.എൻ. പണിക്കർ, ഡോ. പി.കെ. ഗോപാലകൃഷ്ണൻ, ഡോ. എൻ. പി. പിള്ള, ബിഷപ്പ് മാർ ഗ്രിഗോറിയസ് തിരുമേനി, ലക്ഷ്മി എൻ. മേനോൻ, പി.എൻ. നമ്പൂതിരി, തെങ്ങമം ബാലകൃഷ്ണൻ അങ്ങനെ നീണ്ടുപോകുന്നു ആ നിര. കോൺഗ്രസിലെ സമുന്നത നേതാക്കൾക്ക് പുറമേയാണിത്.
''ഇതിനിടെ ഞങ്ങൾ ഒരു പ്രസിദ്ധീകരണം തുടങ്ങി."" ബി.എസ്. ബാലചന്ദ്രൻ ചിരിച്ചുകൊണ്ടറിയിച്ചു. 'ബ്ലിറ്റ്സ്" മാതൃകയിൽ മലയാളത്തിൽ ഒരു പ്രസിദ്ധീകരണം. പേര് പെൻഗ്വിൻ ഞാൻ എഡിറ്ററും എം. സലീം മാനേജിംഗ് എഡിറ്ററുമായാണ് പ്രവർത്തനം തുടങ്ങിയത്. ഇക്കാര്യം ഞാൻ എൻ.വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്ക്കരപ്പണിക്കർ തുടങ്ങിയവരുമായി ചർച്ച ചെയ്തു. അവരുടെ പ്രതികരണങ്ങൾ രസകരമായിരുന്നു; എൻ.വി. കൃഷ്ണവാര്യർ എന്റെ കൈവശമുള്ള പണത്തെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷം പറഞ്ഞത് ''ബാലചന്ദ്രാ... അരുണാ ഹോട്ടലിൽ നല്ല മസാല ദോശ കിട്ടും; അത് വാങ്ങി കഴിക്കുക. കാശ് വെറുതെ കളയണ്ട..."" എന്നാണ്. പി.ടി. ഭാസ്ക്കരപ്പണിക്കർക്കാവട്ടെ ഒരു ഇൻലാൻഡ് മാസിക എന്ന നിലയിൽ പ്രസിദ്ധീകരിച്ചാൽ കൊള്ളാം എന്നതായിരുന്നു അഭിപ്രായം. എന്തായാലും ഞങ്ങൾ 'പെൻഗ്വിൻ" പ്രസിദ്ധീകരിച്ചു. നാലഞ്ച് ലക്കങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും സാമ്പത്തിക പ്രശ്നംമൂലം പ്രസിദ്ധീകരണം മുടങ്ങി. അപ്പോൾ എൻ.വി. കൃഷ്ണവാര്യരുടെ വാക്കുകളാണ് ഓർമ്മ വന്നത്. പക്ഷേ, പെൻഗ്വിൻ വീണ്ടും പ്രസിദ്ധീകരിച്ചു. ദ്വൈവാരികയായാണ് പിന്നീട് പുറത്തിറക്കിയത്.
അൽപ്പസമയത്തെ നിശബ്ദതയ്ക്കുശേഷം ബി.എസ്.ബാലചന്ദ്രൻ വീണ്ടും സംഭാഷണം തുടർന്നു. ഭാരത് സേവക് സമാജിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതോടെ അദ്ദേഹത്തിന് ആയിരം നാവുകൾ മുളയ്ക്കുകയായിരുന്നു! 1988 ൽ പ്രവർത്തനം ഏതാണ്ട് നിശ്ചലാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് താൻ ഭാരത് സേവക് സമാജിന്റെ സെക്രട്ടറിയായി ചുമതലയേറ്റതെന്ന് ബി.എസ് ചൂണ്ടിക്കാട്ടി. ബി.എസ്.എസ് അഖിലേന്ത്യാ ചെയർമാൻ ഗുൽസാരിലാൽ നന്ദയുടെ അംഗീകാരത്തോടെയായിരുന്നു ബാലചന്ദ്രനെ കേരളാ പ്രദേശ് ബി.എസ്.എസ് ജനറൽ സെക്രട്ടറിയാക്കിയത്. കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുകയായിരുന്ന ബി.എസ്.എസ് കേരള ഘടകത്തെ മൃതസഞ്ജീവനി നൽകി ഉയർത്തെഴുന്നേൽപ്പിക്കാൻ ബി.എസിന് ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവന്നു എന്നത് വസ്തുതയാണ്. ഇന്ന് ബി.എസ്. ബാലചന്ദ്രൻ ഭാരത് സേവക് സമാജിന്റെ ദേശീയ ചെയർമാനാണ്. ഗുൽസാരിലാൽ നന്ദയ്ക്ക് ശേഷം സ്വാമി ഹരിനാരായണാനന്ദയായിരുന്നു ദേശീയ ചെയർമാൻ. അത് കഴിഞ്ഞ് മൂന്നാമത്തെ ദേശീയ ചെയർമാനാണ് ബി.എസ്. ബാലചന്ദ്രൻ.
ബി.എസ്.എസ് കേരള ഘടകത്തെ സചേതനമാക്കാൻ കെ.സി. പിള്ള, എം.എം. ജേക്കബ്, പി.എൻ. നമ്പൂതി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളുടെ സഹായവും സഹകരണവും ലഭിച്ചിരുന്നതായി ബി.എസ്. ബാലചന്ദ്രൻ വ്യക്തമാക്കി. ജനങ്ങളെ നാടിന്റെ വികസനകാര്യങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു പ്രസിഡന്റും ആസൂത്രണക്കമ്മീഷൻ ഉപാദ്ധ്യക്ഷനായിരുന്ന ഗുൽസാരിലാൽ നന്ദ ചെയർമാനുമായി രൂപീകരിക്കപ്പെട്ടതാണ് ഭാരത് സേവക് സമാജ്. ആദ്യഘട്ടത്തിൽ തഴച്ചുവളർന്ന് തിളങ്ങിനിന്ന ബി.എസ്.എസ് പിൽക്കാലത്ത് തകർച്ചയിലേക്ക് കൂപ്പുകുത്തിയെങ്കിലും ബി.എസ്. ബാലചന്ദ്രന്റെ കഠിനാദ്ധ്വാന ഫലമായി ഇപ്പോൾ വൻ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. നിലവിലുള്ള കേന്ദ്ര ഓഫീസിനുപുറമെ ഡൽഹി ഗ്രേറ്റർ കൈലാസിൽ ആധുനിക സൗകര്യങ്ങളോടെയുള്ള മറ്റൊരു ഓഫീസ് കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. സമൂഹത്തിലെ സമസ്ത വിഭാഗങ്ങൾക്കും തൊഴിൽ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന ദിവ്യമെന്നു വിശേഷിപ്പിക്കാവുന്ന പദ്ധതിക്ക് ബി.എസ്.എസ് രൂപം നൽകി നടപ്പാക്കിയത് അഖിലേന്ത്യാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. തൊഴിലില്ലായ്മക്ക് പരിഹാരം തൊഴിലറിവും തൊഴിൽ പരിശീലനവുമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഈ പദ്ധതിക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് ബി.എസിന്റെ പത്നിയും ബി.എസ്.എസ് പ്രവർത്തകയുമായിരുന്ന ഷീല ടീച്ചറായിരുന്നു. പ്ലേ സ്കൂൾ മുതൽ മാനേജ്മെന്റ് പഠനം വരെ ബി.എസ്.എസിന്റെ തൊഴിൽ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു.
2010-ൽ ഷീല ടീച്ചർ അനന്തതയിൽ വിലയം പ്രാപിച്ചത് ബി.എസ്. ബാലചന്ദ്രനെ സംബന്ധിച്ചിടത്തോളം ഒരു ചിറകൊടിഞ്ഞതിനു തുല്യമായിരുന്നു. അർപ്പണബോധവും നിസ്വാർത്ഥ സേവനവും കൈമുതലായി സൂക്ഷിച്ചുകൊണ്ട് ഷീല ടീച്ചർ നടത്തിയ പ്രവർത്തനങ്ങൾ അഖിലേന്ത്യാ തലത്തിൽ തന്നെ ബി.എസ്.എസ് പ്രവർത്തകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ബി.എസ്.എസിന്റെ ഏറ്റവും പുതിയ സംരംഭമായ 'കമ്മ്യൂണിറ്റി ഹെൽത്ത് ബ്രിഗേഡ്"രൂപീകരണ പരിപാടികൾ അന്തിമ ഘട്ടത്തിലാണെന്ന് ബി. എസ്. ബാലചന്ദ്രൻ പറഞ്ഞു. രാജ്യത്തെമ്പാടുമായി ദശലക്ഷം ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിച്ച് ഒരുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രത്യേക ഘട്ടങ്ങളിലും സാധാരണ ഘട്ടങ്ങളിൽ തന്നെയും ആരോഗ്യരംഗത്തെ അത്യാവശ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് സമൂഹത്തെ സജ്ജരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ദശലക്ഷം പേർക്ക് ആധുനിക നിലയിലുള്ള പരിശീലനം നൽകുക എന്നതാണ് ലക്ഷ്യം. ആരോഗ്യരംഗത്തെ വിദഗ്ധരായിരിക്കും പരിശീലകർ.
ബി.എസ്. ബാലചന്ദ്രന് രണ്ട് പുത്രിമാരാണുള്ളത്. ബി.എസ്. ശ്രീലക്ഷ്മി, ബി.എസ്. ശ്രീനിധി. എം. ഹേമന്ത്, ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ മരുമക്കളാണ്. ഈ തിരക്കിനിടയിലും ബി.എസ്. ബാലചന്ദ്രൻ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാമായണം പുനരാഖ്യാനം ചെയ്യുന്ന മഹത്തായ കർമ്മത്തിലാണ് അദ്ദേഹം ഇപ്പോൾ മുഴുകിയിരിക്കുന്നത്. കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുംവിധത്തിലുള്ള ഗദ്യരാമായണമാണ് ബി.എസിന്റെ ഭാവനയിലുള്ളത്. ബി.എസ്. ബാലചന്ദ്രന്റെ മഹാരാമായണം ഉടൻ തന്നെ പുറത്തിറങ്ങും.
ബി.എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന 'സദ്ഭാവന" എന്ന ബി.എസ്.എസ്. മുഖപത്രം പ്രത്യേകതകൾ കൊണ്ട് സവിശേഷശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. തികച്ചും വൈജ്ഞാനിക മാസിക എന്ന നിലയിലാണ് കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഇത് മുടങ്ങാതെ വായനക്കാരുടെ കൈകളിലെത്തുന്നത്! തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ പ്രധാന അമരക്കാരനായ ബി.എസ്. ബാലചന്ദ്രൻ വിശ്വരാമായണ മഹോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രഥമഘട്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൈക്കം സത്യഗ്രഹവേളയിൽ ടി.കെ. മാധവൻ രൂപം നൽകിയ ''തുല്യ നീതി, തുല്യ അവസരം, തുല്യ അവകാശം"" എന്ന കാഴ്ചപ്പാടിലുള്ള സമത്വ തത്വവാദ സംഘം പുനരുജ്ജീവിപ്പിക്കാനും ആയതിന് സംസ്ഥാനത്തൊട്ടാകെ ഒരു പ്രവർത്തനശൈലി രൂപപ്പെടുത്താനും ബി.എസിന് കഴിഞ്ഞിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെയും കെ. കേളപ്പന്റെയുമൊക്കെ പങ്കാളിത്തത്തോടെ രൂപപ്പെട്ട ഈ പ്രസ്ഥാനത്തിന് സമകാലിക സമൂഹത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് ബി.എസ്. ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
മഹാത്മാ അയ്യങ്കാളി രൂപം നൽകിയ സാധുജനപരിപാലന സംഘം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ബി.എസ്.ന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. മഹത്തായ ഒരു പാരമ്പര്യമാണ് ബി.എസ്. ബാലചന്ദ്രന് അവകാശപ്പെടാനുള്ളത്. അതി പ്രശസ്തവും പുരാതനവും അതിസമ്പന്നവുമായ തറവാട്ടിലാണ് ബി.എസ്. ബാലചന്ദ്രന്റെ ജനനം. പിതാമഹൻ കൊച്ചുപിള്ള വൈദ്യൻ അക്കാലത്തെ ഏറ്റവും പ്രശസ്തനും പ്രഗത്ഭനുമായ വൈദ്യനായിരുന്നു. എസ്.എൻ.ഡി.പിയുടെ സ്ഥാപകാംഗം മാത്രമല്ല ഒന്നാമത്തെ അംഗം കൂടിയായിരുന്നു. അദ്ദേഹം ഭൂപരിഷ്ക്കരണ നിയമം വരുന്നതിന് മുമ്പ് തന്നെ തന്റെ കൃഷിക്കാർക്ക് ഭൂമി പതിച്ചുനൽകിയ വിശാലഹൃദയനും കാരുണ്യവാനുമായിരുന്നു അദ്ദേഹം. 1942-ലെ ഭാഗപത്രപ്രകാരം തന്റെ കുടുംബത്തിനുവേണ്ടി പണിയെടുത്തിരുന്ന 27-പേർക്ക് സൗജന്യമായി ഭൂമി പതിച്ചുനൽകുകയായിരുന്നു! ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ തുടങ്ങിയ മഹദ്വ്യക്തികളുമായി കൊച്ചുപിള്ള വൈദ്യന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചട്ടമ്പിസ്വാമികൾ അഗസ്ത്യമുനിയുടെ അവതാരമാണെന്നായിരുന്നു കൊച്ചുപിള്ള വൈദ്യന്റെ മതം. അതിന് ആധികാരിക തെളിവുകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേപോലെതന്നെ ശ്രീനാരായണഗുരുദേവൻ സപ്തർഷികൾക്ക് തുല്യം ശിവാംശമുള്ള സന്യാസിയാണെന്നും കൊച്ചുപിള്ള വൈദ്യൻ അഭിപ്രായപ്പെട്ടിരുന്നു. ഇരുവരുമായും വളരെ അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. സാമൂഹ്യപരിഷ്ക്കർത്താവായ കൊച്ചുപിള്ള വൈദ്യന്റെ പുത്രൻ ഈ.കെ. ഭാസ്ക്കരന്റെ പുത്രനാണ് ബി.എസ്. ബാലചന്ദ്രൻ. കൊച്ചുപിള്ള വൈദ്യനെപ്പോലെതന്നെ ഈ.കെ. ഭാസ്ക്കരനും സാമൂഹ്യ പരിഷ്ക്കരണ രംഗത്തും സാധുജന സംരക്ഷണ രംഗത്തും നിറഞ്ഞുനിന്നിരുന്നു. മാത്രമല്ല പുരോഗമന ചിന്താഗതിക്കാരനുമായിരുന്നു. ഒട്ടേറെ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഈ.കെ. ഭാസ്ക്കരൻ തന്റെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിട്ടുണ്ട്. കെ.വി. സുരേന്ദ്രനാഥ്, അരയക്കണ്ടി അച്ച്യുതൻ, ഇറവങ്കര ഗോപാലക്കുറുപ്പ് തുടങ്ങിയവർ ഇതിൽപ്പെടും.
പ്രശസ്തവും സമ്പന്നവുമായ ഉപ്പിട്ടാംവിള കുടുംബത്തിലെ അംഗമാണ് മാതാവ് കെ. ശ്രീദേവിയമ്മ. അന്നത്തെ കാലത്ത് കവടിയാർ കൊട്ടാര വളപ്പിനോട് ചേർക്കാനായി പതിനൊന്നര ഏക്കർ സ്ഥലം മഹാരാജാവിന് വിട്ടുകൊടുത്ത തറവാടാണ് ഉപ്പിട്ടാംവിള തറവാട്. ശ്രീദേവിയമ്മ ഇപ്പോൾ ഇരുളൂർ ദേവസ്വത്തിന്റെ അദ്ധ്യക്ഷയാണ്. ത്രേതായുഗത്തിൽ യാഗഭൂമിയായിരുന്ന പ്രദേശമാണ് മിതൃമ്മല ഇരുളൂർ പ്രദേശം. അവിടെ നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായതാണ് ഇരുളൂർ ക്ഷേത്രം. ബാലചന്ദ്രന്റെ പിതാവ് ഇ. കെ. ഭാസ്ക്കരനായിരുന്നു ഏറെക്കാലം ഈ ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. തുടർന്ന് ബി.എസ്.ന്റെ മാതാവ് ശ്രീദേവിയമ്മ ഇരുളൂർ ദേവസ്വത്തിന്റെ ചുമതലയേറ്റു. ഉപ്പിട്ടാംവിള കുടുംബാംഗങ്ങളിൽ ഏറിയകൂറും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരാണ്. സർക്കാർ ജീവനക്കാരുടെ സംഘടന രൂപീകരിച്ചതിന്റെ പേരിൽ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുകയും ഒളിവിൽ പോവുകയും ചെയ്ത വി. സോമനാഥൻ ശ്രീദേവിയമ്മയുടെ മൂത്ത സഹോദരനാണ്. അതായത് ബി.എസിന്റെ അമ്മാവൻ, 1957 ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് അദ്ദേഹം നാട്ടിൽ മടങ്ങിയെത്തിയത്.
സവിശേഷ വ്യക്തിത്വം; ബഹുമുഖ പ്രതിഭ; തൊട്ടതെല്ലാം പൊന്നാക്കുന്നവർ തുടങ്ങിയ പ്രയോഗങ്ങൾ നാം സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പ്രവർത്തിക്കാറുണ്ട്. എന്നാൽ അർഹരായ പലർക്കും നാമത് ചാർത്തിക്കൊടുക്കാൻ ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കിൽ സൗകര്യപൂർവം വിട്ടുകളയുകയോ ചെയ്യുന്നു! എന്നാൽ ഇത്തരം പ്രയോഗങ്ങൾക്ക് സർവഥാ യോഗ്യനും അർഹനുമാണ് ബി.എസ്.എസ് ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ.