ദേവീ ക്ഷേത്രനടയിൽ, എന്തിനെന്നെ വിളിച്ചു നീ, പാടം പൂത്തകാലം, ദൂരെ കിഴക്കുദിച്ചു, പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി... പ്രണയത്തിന്റെ സുഗന്ധം സൃഷ്ടിക്കുന്ന ഈ ഗാനങ്ങളുടെ ശിൽപ്പിയാണ് കണ്ണൂർ രാജൻ. മലയാളഗാനശാഖയിൽ ഒരു പുതുവസന്തം തന്നെ സൃഷ്ടിച്ച സംഗീതസംവിധായകൻ. കർണാടക, ഹിന്ദുസ്ഥാനി സംഗീതമറിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ ഗാനങ്ങളെ മധുരതരമാക്കിയത്.
കണ്ണൂർ എടക്കാട് 1937 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്കൂളിൽ പഠിക്കുമ്പോഴേ നന്നായി പാടുമായിരുന്നു. കുറച്ചു കാലം ശാസ്ത്രീയ സംഗീതം പഠിച്ചു. 60-70 കാലഘട്ടത്തിൽ കണ്ണൂരുകാരുടെ ഇഷ്ടഗായകനായിരുന്നു അദ്ദേഹം. കോഴിക്കോട് റേഡിയോ നിലയത്തിൽ കെ. രാഘവൻ സംഗീതസംവിധായകനായി ജോലി ചെയ്യുമ്പോൾ അദ്ദേഹം ഈണം പകർന്ന ഒട്ടേറെ ലളിതഗാനങ്ങൾ കണ്ണൂർ രാജൻ പാടിയിരുന്നു. മാത്രമല്ല, അറുപതുകളിൽ രാജൻ കണ്ണൂരിലും കോഴിക്കോട്ടും ഒട്ടേറെ സംഗീത കച്ചേരികൾ നടത്തിയിരുന്നു. ഒട്ടേറെ നാടകങ്ങൾക്കും ആ സമയം ഈണം നൽകി. അദ്ദേഹം ഈണം പകർന്ന ഗാനങ്ങൾ എച്ച്.എം.വി പുറത്തിറക്കി.
1974 ഡോ. വാസൻ സംവിധാനം ചെയ്ത 'മിസ്റ്റർ സുന്ദരി"യാണ് കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്തു പുറത്തുവന്ന ആദ്യചിത്രം. ഈ സിനിമയിലെ ഗാനങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആ കാലഘട്ടത്തിൽ മദ്രാസിൽ നിന്നു വീണ്ടും കേരളത്തിലെത്തി. കേരളാ തിയേറ്റേഴ്സ്, പീപ്പിൾ തിയേറ്റേഴ്സ്, കൊച്ചിൻ സംഘമിത്ര, സൂര്യസോമ തുടങ്ങിയ നാടക സമിതികൾക്കു വേണ്ടി പ്രവർത്തിച്ചു. ആ ഗാനങ്ങൾക്ക് സംസ്ഥാനപുരസ്കാരം ലഭിക്കുകയുണ്ടായി.
പിന്നീട് കുറേ സിനിമകൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. മാനസലോലാ മരതക വർണാ, നാദങ്ങളായ് നീ വരൂ തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാജന്റെ കരിയറിലെ തന്നെ നാഴികക്കല്ലായി മാറിയ ഗാനമാണ് 'പല്ലവി" എന്ന ചിത്രത്തിലെ ദേവീക്ഷേത്ര നടയിൽ എന്ന ഗാനം. അതേ പോലെ എന്തിനെന്നെ വിളിച്ചു നീ, പുഷ്പതൽപ്പത്തിൽ നീ വീണുറങ്ങി തുടങ്ങിയ ഗാനങ്ങളിലും മെലഡിയുടെ സർവ സ്പർശവുമുണ്ടായിരുന്നു. കർണ്ണാടക സംഗീയവും ഹിന്ദുസ്ഥാനിയും അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതേ പോലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതശൈലിയും. 'ഉത്തരായനം" എന്ന സിനിമയിൽ രാഘവൻ മാസ്റ്റർക്കൊപ്പം കണ്ണൂർ രാജൻ പ്രവർത്തിച്ചിരുന്നു. രാജന്റെ സംഗീതശേഖരത്തിലെ പവിഴമുത്തുകളാണ് ഇളംമഞ്ഞിൻ കുളിരുമായി, നാദങ്ങളായ് നീ വരൂ എന്നീ ഗാനങ്ങൾ. 'വാർദ്ധക്യപുരാണം" എന്ന ചിത്രത്തിലെ 'വീണപാടുമീണമായ്" എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. അതേ പോലെ 'പീലിയേഴും വീശി വാ" എന്ന ഗാനമാകട്ടെ തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിൽ കംപോസ് ചെയ്തതാണ്. എത്രയോ മനോഹരമായ ഗാനങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹത്തിന് വേണ്ട വിധത്തിൽ അംഗീകാരം ലഭിച്ചിട്ടില്ല. പക്ഷേ, ആസ്വാദകർ അദ്ദേഹം സൃഷ്ടിച്ച അനശ്വരഗാനങ്ങളെ നെഞ്ചേറ്റുന്നു.
(ലേഖകന്റെ
ഫോൺ :9387215244)