സിയോൾ: ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോഗ് ഉനിന് അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് ദക്ഷിണ കൊറിയയുടെ ഉത്തരകൊറിയൻ വിഭാഗമന്ത്രി യിഓൻ ചുൽ. രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയയും പൊതുചടങ്ങുകൾക്ക് ശക്തമായ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. അതിനാലാകാം മുത്തച്ഛനും രാജ്യ സ്ഥാപകനുമായ കിം ഇൽ സുങ്ങിന്റെ ഏപ്രിൽ 15ന് നടന്ന ജന്മവാർഷികത്തിലും മറ്റ് പൊതുചടങ്ങുകളിലും കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നത്.
'കിം പൊതുചടങ്ങുകളിൽ സാധാരണ പങ്കെടുക്കുന്ന ആളാണ്. എന്നാൽ കൊവിഡ് പ്രതിരോധ ഭാഗമായി അത്തരം ചടങ്ങുകൾ ധാരാളം റദ്ദാക്കിയിട്ടുമുണ്ട്." ദക്ഷിണകൊറിയൻ അധികൃതർ പറഞ്ഞു. ഉത്തരകൊറിയൻ അതിർത്തികളിൽ ലോക്ഡൗണും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. കിം തന്റെ ഭരണപരമായ നടപടികൾ നിർവഹിച്ച് കത്തുകൾ നൽകുന്നതും ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ദിനംതോറും പ്രസിദ്ധീകരിക്കുന്നുമുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഉത്തരകൊറിയയിലെ വിവരങ്ങൾ താൻ നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും കിമ്മിന്റെ ആരോഗ്യത്തെ പറ്റി വിവരങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കിമ്മിന്റെ ആരോഗ്യ നിലയെ പറ്റി തനിക്ക് അറിയാം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.
അതേസമയം അമേരിക്കൻ ഇന്റലിജൻസും ദക്ഷിണ കൊറിയയുടെ അഭിപ്രായത്തോട് യോജിച്ചു. എങ്കിലും കിമ്മിന്റെ രോഗബാധയെ കുറിച്ച് ഗൗരവമായി തന്നെ നിരീക്ഷിക്കുന്നതായി ഇന്റലിജൻസുമായി ചേർന്ന് നിൽക്കുന്ന വൃത്തങ്ങൾ സൂചന നൽകി.