salman

റിയാദ്: സൗദിയിൽ 18 വയസിന് താഴെയുള്ളവർക്ക് വധശിക്ഷ നൽകുന്നത് നിരോധിച്ചെന്ന് സൽമാൻ രാജാവ് അറിയിച്ചു. ഇതിന് പകരമായി ജുവനൈൽ ജയിലിൽ പത്ത് വർഷം തടവ് ശിക്ഷ അനുഭവിക്കണം.

മനുഷ്യാവകാശ കമ്മിഷൻ പ്രസിഡന്റ് അവാദ് അൽവാദാണ് ഇതിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. തീരുമാനം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തതയായിട്ടില്ല.

പത്ത് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയവരുടെ കേസുകൾ പുനഃ പരിശോധിക്കാൻ സൽമാൻ രാജാവ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഭീകരപ്രവർത്തന കേസുകൾ ഉടൻ തീർപ്പാക്കില്ല. നിലവിൽ, സർക്കാർ വിരുദ്ധ പ്രക്ഷോഭം നടത്തിയ കുറ്റത്തിന് ആറ് പേർ വധശിക്ഷ കാത്ത് ജയിലുകളിൽ കഴിയുന്നുണ്ട്. അറസ്റ്റിലായപ്പോൾ ഇവർക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇവരുടെ വധശിക്ഷ ഉടൻ റദ്ദാക്കുമെന്നാണ് അഭ്യൂഹം.

കഴിഞ്ഞ വർഷം രാജ്യത്ത് 16 വയസുകാരന് വധശിക്ഷ നടപ്പാക്കിയത് ആഗോള തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചാട്ടവാറടി ശിക്ഷ ഒഴിവാക്കിയിരുന്നു.


 2019 ൽ മാത്രം 187 പേരെ രാജ്യത്ത് തൂക്കിലേറ്റി.

 ഈ വർഷം ജനുവരി മുതൽ 12 പേരെ തൂക്കിലേറ്റി.

 1995ൽ 195 പേരെ തൂക്കിലേറ്റി. ഏറ്റവുമധികം പേർ തൂക്കിലേറ്റപ്പെട്ട വർഷമാണിത്.