lic

ചെന്നൈ: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും പുതിയ പോളിസികളിൽ മികച്ച വർദ്ധനയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനമായ എൽ.ഐ.സി. മാർച്ച് 31ന് സമാപിച്ച 2019-20 സമ്പദ്‌വർഷത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണ് പോളിസികളുടെ എണ്ണത്തിൽ ഈ പൊതുമേഖലാ സ്ഥാപനം കുറിച്ചത്.

വ്യക്തിഗത പുതു പ്രീമിയം ഇനത്തിൽ 2.19 കോടി പോളിസികൾ കഴിഞ്ഞവർഷം നേടി. ആദ്യവർഷ പ്രീമീയം വരുമാനമായി 51,227 കോടി രൂപയും ലഭിച്ചു. സിംഗിൾ പ്രീമീയമായി 21,967 കോടിയും നോൺ-സിംഗിൾ പ്രീമിയമായി 29,260 കോടി രൂപയുമാണ് സമാഹരിച്ചത്. പുതിയ ബിസിനസ് പ്രീമിയത്തിൽ 25.17 ശതമാനമാണ് വളർച്ച. സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനികൾ സംയുക്തമായി ഇക്കാലയളവിൽ നേടിയ വളർച്ച 11.64 ശതമാനം മാത്രമാണ്.

എൽ.ഐ.സിയുടെ പെൻഷൻ, ഗ്രൂപ്പ് സ്‌കീം പ്രീമിയം വരുമാനം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും കഴിഞ്ഞവർഷം മറികടന്നു. മുൻവർഷത്തെ 91,179 കോടി രൂപയിൽ നിന്ന് 1.27 ലക്ഷം കോടി രൂപയിലേക്കാണ് വളർച്ച. വർദ്ധന 39.01 ശതമാനം.

മുന്നേറ്റം വിപണി

വിഹിതത്തിലും

മികച്ച പ്രകടനത്തിന്റെ കരുത്തിൽ എൽ.ഐ.സിയുടെ വിപണി വിഹിതം പോളിസികളുടെ എണ്ണത്തിൽ 1.19 ശതമാനം ഉയർന്ന് 75.90 ശതമാനമായി. ആദ്യവർഷ പ്രീമിയത്തിലെ വിപണി വിഹിതം 68.74 ശതമാനമാണ്. വർദ്ധന 2.50 ശതമാനം.