cm-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തരായി. കണ്ണൂർ മൂന്ന് കാസർകോട് ഒന്നും കേസുകൾ പോസിറ്റീവായി.പോസിറ്റീവ് ആയതിൽ രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു രണ്ടു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ണൂരും കാസർകോടും രണ്ടുപേർ വീതമാണ് ഇന്ന് രോഗമുക്തി നേടിയത്. 151 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടൊപ്പം സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുതുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കരുണാപുരം,​ മൂന്നാർ,​ ഇടവെട്ടി പഞ്ചായത്തുകൾ, പാലക്കാട് ജില്ലയിൽ ആലത്തൂർ, മലപ്പുറം ജില്ലയിലെ കാലടി തുടങ്ങിയ സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

രോഗം പടരുന്നത് തടയുന്നതിനായി സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് ശീലമാക്കാൻ ചിലയിടങ്ങളിൽ ജനം മടിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്കൂളുകളിലടക്കം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ നിർമ്മാർജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണം.

വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് സൗകര്യങ്ങൾക്കായി സെക്രട്ടറി തല സമിതി രൂപീകരിച്ചിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലും കളക്ടർ അധ്യക്ഷനായ സമിതിയുണ്ടാകും. വിമാനത്താവളങ്ങൾക്ക് അടുത്തായി തന്നെ പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തും. പ്രവാസികൾ കൊണ്ടുവരുന്ന ലഗേജ് സർക്കാർ ചെലവിൽ അവരവരുടെ വീട്ടിലെത്തിക്കും. ക്വാറൻറൈൻ ചെയ്യുന്നവരെ നിരീക്ഷിക്കും ഇതിനുള്ള ചുമതല ഡിഐജിമാർക്ക് നൽകും.അതേ സമയം രോഗ ലക്ഷണമില്ലാത്തവർക്ക് വീടുകളിലാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ ക്വാറൻറൈനിൽ കഴിയാനാകാത്തവർക്ക് സർക്കാർ സൗകര്യമൊരുക്കും. മടങ്ങിവരുന്നവർക്ക് രജിസ്റ്റർ ചെയ്യുവാനായി നോർക്ക തയ്യാറാക്കിയ സൈറ്റിൽ 2.76 ലക്ഷം ആളുകൾ 159 രാജ്യങ്ങളിൽ നിന്ന് പേര് രജിസ്ട്രർ ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനത്തുനിന്നും വരുന്നവർക്ക് അതിർത്തിയിൽ പരിശോധന ശക്തമാക്കി. മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപന ചുമതല ബിശ്വനാഥ് സിൻഹക്ക് നൽകി.

സാലറി കട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് കോടതി വിധി പാലിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ജീവനക്കാരുടെ ശന്പളം പിടിച്ചുവയ്ക്കുന്ന സർക്കാർ ഉത്തരവിന് ഇന്ന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു.സാലറി കട്ടിനെതിരെ ഒരു വിഭാഗം ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. സർക്കാർ ഉത്തരവിൻെറ പകർപ്പ് കത്തിച്ച് പ്രചരിപ്പിച്ച അദ്ധ്യാപകരെ സമൂഹം വിമർശിക്കുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടയുന്നതിനെ അപലപിക്കുന്നുവെന്നും, കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ടെന്നും അറിയിച്ചു.