covid-19

വാഷിംഗ്ടൺ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കുന്നതിനിടെ ആഗോളതലത്തിൽ കൊവി‌ഡ് രോഗികൾ 31 ലക്ഷമായി. മരണം 2.12 ലക്ഷം കവിഞ്ഞു. 9,28,995 പേർക്ക് രോഗം ഭേദമായി.

അമേരിക്ക ഒഴികെ മറ്റ് വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം കൊവിഡ് വ്യാപനത്തിന് ശമനമുണ്ട്. അമേരിക്കയിൽ രോഗികൾ പത്ത് ലക്ഷം കടന്നു. ഇന്നലെ മാത്രം 1384 പേർ മരിച്ചു. മരണം 56,803. വ്യാപനം വർദ്ധിച്ചിട്ടും മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് തുടരുകയാണ്. കൊവിഡിനെക്കുറിച്ച് ജനുവരിയിലും ഫെബ്രുവരിയിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, സ്‌പെയിനിലും ബ്രിട്ടനിലും ഇറ്റലിയിലും പ്രതിദിന മരണനിരക്ക് 400ൽ താഴെയായി.

 ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന് ശമനമില്ല. ഇന്നലെ സൗദിയിൽ 1289 കേസുകളും യു.എ.യിൽ 541 കേസുകളും റിപ്പോർട്ട് ചെയ്തു. റംസാൻ പ്രമാണിച്ച് ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയതിനാൽ ഗൾഫ് രാജ്യങ്ങൾ കൂടുതൽ ജാഗ്രതയിലാണ്.

 ഈജിപ്തിൽ അടിയന്തരാവസ്ഥ നീട്ടി.

 സ്‌പെയിനിൽ 14.4 ശതമാനം പേർക്ക് തൊഴിൽ നഷ്ടമായി.

 ബ്രിട്ടനിൽ കൊവിഡിനോട് സാമ്യമുള്ള അസുഖം ബാധിച്ച് കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്.

 പാകിസ്ഥാനിൽ 307 മരണം.15,000 രോഗികൾ.

 ഫിലിപ്പൈൻസിൽ 2,200 മരണം

 ആസ്ട്രേലിയയിൽ ബീച്ചുകൾ തുറന്നു.