ayodhya

ന്യൂഡൽഹി :ഈ ജൂണിൽ രാജ്യവ്യാപകമായി നടപ്പാക്കാനിരിക്കുന്ന 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉടൻ നടപ്പാക്കിക്കൂടേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. ലോക്ക് ഡൗണിൽ പട്ടിണിയിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭക്ഷ്യധാന്യം ലഭ്യമാക്കാൻ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ദീപക് കൻസൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം.

'' നിലവിലെ അവസ്ഥയിൽ പദ്ധതി ഉടൻ നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് തീരുമാനം അറിയിക്കണമെന്നാണ് '' ജസ്റ്റിസ് എൻ.വി. രമണയുടെ മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന് നൽകിയ നിർദ്ദേശം. റേഷൻ കാർഡ് അടക്കമുള്ള തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രമാണ് സബ്‌സിഡി നിരക്കിലും സൗജന്യമായും ഭക്ഷ്യധാന്യങ്ങൾ നൽകുന്നതെന്ന് ഹർജിയിൽ പറയുന്നു. ഇതില്ലാത്ത ഒരു വിഭാഗത്തിന് സൗജന്യ ഭക്ഷണമോ താമസസൗകര്യങ്ങളോ ചികിത്സാസഹായമോ ലഭിക്കുന്നില്ല. കൊവിഡിനുള്ള ചികിത്സ മാത്രമാണ് സൗജന്യം. തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന പേരിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരരുതെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.

രാജ്യമൊട്ടാകെ റേഷൻ കാർഡുകൾ ഒരേ മാനദണ്ഡത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചതാണ് 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി. 2020 ജൂണിൽ ഇത് രാജ്യവ്യാപകമാക്കും. പദ്ധതി നടപ്പായാൽ റേഷൻ കാർഡിൽ പേരുള്ളവർക്ക് രാജ്യത്ത് എവിടെയും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അനുവദിച്ച റേഷൻ വാങ്ങാനാവും. പരീക്ഷണാടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കിയിരുന്നു.