cm-

തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്ടർ ചൊവ്വാഴ്ച പ്രഖ്യാപിച്ച മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകളുടെ കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇവരുടെ കാര്യം പരാമർശിച്ചില്ല. ഇവരുടെ കാര്യത്തിൽ ഒരു പരിശോധന കൂടി നടത്തി വ്യക്തത വരുത്തേണ്ടതുണ്ട്. അതിനാലാണ് ഇപ്പോൾ ഇടുക്കിയിലെ രോഗികളുടെ കാര്യം പറയാത്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇടുക്കിയിൽ മൂന്നുപേർക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി കളക്ടർ എച്ച്. ദിനേശൻ ഇന്ന് അറിയിച്ചിരുന്നു. തൊടുപുഴ നഗരസഭ കൗൺസിലർ, തൊടുപുഴ ജില്ലാ ആശുപത്രി നഴ്‌സ്, ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നത്. മൂന്നുപേരെയും തൊടുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വെച്ചാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.