മുംബയ്: നാഷണൽ പേമെന്റ്‌സ് കോർപ്പറേഷനോട് (എൻ.പി.സി.ഐ) മത്സരിക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പേമെന്റ്‌സ് സംവിധാനത്തിനുള്ള ലൈസൻസ് നേടാൻ പ്രമുഖ കമ്പനികളുടെ തിരക്ക്. റിലയൻസ് ഇൻഡസ്‌ട്രീസ്, പേടിഎം, ഓഹരി വിപണികളായ ബി.എസ്.ഇ., എൻ.എസ്.ഇ എന്നിവ ഇതിനകം താത്പര്യമറിയിച്ചിട്ടുണ്ട്.
നിലവിൽ എൻ.പി.സി.ഐയ്ക്കാണ് രാജ്യത്തെ റീട്ടെയിൽ പേമെന്റുകളുടെ നിയന്ത്രണം. റീട്ടെയിൽ പേമെന്റ് മൂല്യത്തിന്റെ 60 ശതമാനം കൈയാളുന്നുണ്ടെങ്കിലും, ലാഭേച്ഛയില്ലാതെയാണ് പ്രവർത്തനം. പേമെന്റ് രംഗത്ത് പുതിയ കണ്ടെത്തലുകൾക്ക് വഴിയൊരുക്കുക, ലാഭേച്ഛയോടെയുള്ള മത്സരം പ്രോത്സാഹിപ്പിക്കുക, പഴുതുകൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംരംഭം വഴി റിസർവ് ബാങ്കിന്റെ ലക്ഷ്യം.
500 കോടി രൂപയായിരിക്കും പുതിയ സംരംഭത്തിലെ കുറഞ്ഞ മൂലധന നിക്ഷേപം. എന്നാൽ, പ്രമോട്ടർക്കോ പ്രമോട്ടർ ഗ്രൂപ്പിനോ പരമാവധി 40 ശതമാനം ഓഹരികളേ കൈവശം വയ്‌ക്കാനാകൂ. ലൈസൻസ് നേടാൻ പേമെന്റ് രംഗത്ത് സേവനദാതാവായോ ടെക്‌നോളജി പാർട്‌ണർ ആയോ മൂന്നുവർഷത്തെ പരിചയവും നിർബന്ധമാണ്. നിയമാനുസൃതമായ വിദേശ നിക്ഷേപവും അനുവദിക്കും.
നിലവിൽ എ.ടി.എം., റൂപേ കാർഡ്, ചെക്കുകൾ യു.പി.ഐ., ഐ.എം.പി.എസ് തുടങ്ങിയവയുടെ നിയന്ത്രണം എൻ.പി.സി.ഐയ്ക്കാണ്. ഇവയ്‌ക്കെല്ലാം ബദലായി കൂടുതൽ സുരക്ഷിതമായ പേമെന്റ് സംവിധാനം ഒരുക്കുകയാണ് പുതിയ പേമെന്റ് സംരംഭത്തിന്റെ ദൗത്യം.