തിരുവനന്തപുരം: സാലറി ചലഞ്ച് ഹൈക്കോടതി സ്റ്റേ ചെയ്തത് സംസ്ഥാന സർക്കാരിനേറ്റ് തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം സർക്കാരിന്റേതാണ്. സംസ്ഥാന ധനകാര്യ മാനേജ്‌മെന്റിന്റെ പരാജയം സാധാരണക്കാരായ ഉദ്യോഗസ്ഥരിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഹൈക്കോടതി വിധി സർക്കാരിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നിയമപരമായല്ല കാര്യങ്ങളെ സമീപിക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണ് കോടതിവിധി. സാലറി ചലഞ്ചിനെതിരെ ആദ്യം രംഗത്തുവന്നത് ബി.ജെ.പിയാണ്. പ്രതിപക്ഷം ആദ്യം സാലറി ചലഞ്ചിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള മറ്റു മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. എന്തു പ്രതിസന്ധി വന്നാലും സർക്കാർ ഉദ്യോഗസ്ഥർ ശമ്പളം നൽകണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
ലക്ഷക്കണക്കിന് പേർ കൊറോണ ഭീതിയിൽ കഴിയുമ്പോഴും അവരുടെ ആശങ്ക അകറ്റേണ്ട സർക്കാർ വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇടുക്കി കളക്ടർ പറഞ്ഞ മൂന്നു കേസുകളും പാലക്കാട്ടെ ഒരു കേസും മുഖ്യമന്ത്രി മറച്ചുവെക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം. കണക്കുകളുടെ കാര്യത്തിൽ സർക്കാർ എന്തൊക്കെയോ മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടെ കേസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരഭിമാനമോ അതോ ആസൂത്രിത നീക്കമോ എന്നാണ് ഇനി അറിയേണ്ടത്. രോഗം പിടിപെട്ടതെവിടുന്ന് എന്നതിനെ സംബന്ധിച്ചും തികഞ്ഞ അവ്യക്തതയാണ് പല കേസുകളിലും. കൊറോണ പരിശോധനയുടെ സാമ്പിളുകളുടെ എണ്ണം പുറത്തുവിടുമ്പോൾ എത്രപേരുടേതെന്നത് മറച്ചുവയ്ക്കുന്നു. സർക്കാരിന് എവിടയോ പിഴവ് പറ്റി. ഇത് കണ്ടെത്തി തിരുത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ കേരളം വലിയ ദുരന്തത്തെ നേരിണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.