air-india

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സെക്രട്ടറിതല സമിതി രൂപികരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ കേന്ദ്രസർക്കാർ പ്രത്യേകവിമാനം എപ്പോൾ അനുവദിച്ചാലും അവരെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം,​ കോഴിക്കോട്,​ കണ്ണൂർ,​ തൃശൂർ ജില്ലകളിലേക്കാണ് കൂടുതൽ പ്രവാസികൾ എത്തുക. ഓരോവിമാനത്തിലും എത്തുന്ന യാത്രക്കാരുടെ വിവരം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യമന്ത്രാലയത്തോടും ആവശ്യപ്പെട്ടു. ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച കളക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപികരിക്കും. എയർപോർട്ട് അതോറിറ്റിയുടെയും പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികൾ ഈ കമ്മിറ്റിയിൽ ഉണ്ടാകും വിമാനത്താവളത്തിൽ വിപുലമായി സൗകര്യമുണ്ടാകും. ഡോക്ടർമാർ,​ പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ഇതിന് വേണ്ടി പ്രത്യേകം നിയോഗിക്കും. തിക്കുംതിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായി ക്രമീകരണം ഏർപ്പെടുത്താൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

രോഗലക്ഷണമില്ലാത്തവരെ വീടുകളിൽക്വാറന്റൈൻ ചെയ്യും. വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലെത്തിക്കുക പൊലീസ് നീരീക്ഷണത്തിലായിരിക്കും. നേരെ വീട്ടിലെത്തി എന്നുറപ്പാക്കാനാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇക്കാര്യത്തിൽ സ്വകാര്യമേഖലയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും ഇതിനാവശ്യമായ ക്രമീകരണം ഉണ്ടാകുമെന്ന് പിണറായി പറഞ്ഞു