cbse

ന്യൂഡൽഹി: ലോക്ക് ഡൗൺ കാരണം പരീക്ഷകൾ നടത്താൻ കഴിയാത്ത പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ 10,​12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു,​ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ നടത്തിയ ചർച്ചയിലാണ് ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം ആവശ്യപ്പെട്ടത്.

അടുത്ത അദ്ധ്യയന വർഷം എല്ലാ ക്ലാസുകളിലേയും സിലബസ് 30 ശതമാനം കുറയ്ക്കാനും ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്കുള്ള കോഴ്സുകളുടെ എണ്ണം കുറയ്ക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മനീഷ് സിസോദിയ ട്വിറ്ററിലൂടെ അറിയിച്ചു.

ദൂരദർശൻ, ഓൾ ഇന്ത്യ റോഡിയോ എഫ്‌.എം എന്നിവയിലൂടെ അദ്ധ്യാപകർ നിത്യവും മൂന്ന് മണിക്കൂർ വീതം ക്ലാസ് എടുക്കുന്ന സംവിധാനം നടപ്പിലാക്കണമെന്നും മനീഷ് സിസോദിയ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 16 മുതലാണ് രാജ്യത്തെ സ്‌കൂൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവ അടച്ചിട്ടത്.