ന്യൂഡൽഹി : ഡൽഹിയിൽ കൊവിഡ് 19 ബാധിച്ച് സി.ആർ.പി.എഫ് ജവാൻ മരിച്ചു. അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അസമിൽ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗൺ വന്നതിനാൽ ഡൽഹിയിലെ ക്യാമ്പിൽ തങ്ങുകയായിരുന്നു. ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജവാൻ മരിക്കുന്നത്.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇയാളാണ്. തൊട്ടുപിന്നാലെ 41 ജവാന്മാർക്ക് കൂടി കൊവിഡ് 19 ബാധിച്ചതോടെ ഡൽഹി മയൂർ വിഹാര്‍ സി.ആർ.പി.എഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേർ ഇവിടെ കൊവിഡ് നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകരെത്തി അവശേഷിച്ച എല്ലാ സൈനികരുടെയും സാമ്പിൾ പരിശോധനക്ക് അയച്ചു.