ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ വലയുമ്പോൾ ഇന്ത്യയുടെ സഹായം തേടി യു.എ.ഇ ഭരണകൂടം. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും നഴ്സുമാരെയും തങ്ങളുടെ രാജ്യത്തേക്ക് അയയ്ക്കണമെന്ന് മോദി സർക്കാരിനോട് യു.എ.ഇ ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇക്കാര്യം മോദി സർക്കാരിന്റെ പ്രത്യേക പരിഗണനയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
യു.എ.ഇയിൽ ഇതിനോടകം പതിനൊന്നായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസേന ശരാശരി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. യു.എ.ഇയിലെ ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നടക്കമുള്ള ഡോക്ടർമാരാണ്. വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയതോടെ അവധിയിൽ പോയ ഡോക്ടർമാരടക്കമുള്ളവർക്ക് തിരിച്ചെത്താൻ പറ്റാത്ത സാഹചര്യമുണ്ട്.
രണ്ട് അഭ്യർത്ഥനകളാണ് യു.എ.ഇ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവർത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഒന്ന്. കൊവിഡ് പ്രതിസന്ധി നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയാണ് രണ്ടാമത്തേത്.
അതേസമയം യു.എ.ഇയുടെ അഭ്യർത്ഥനകൾ സർക്കാരിന്റെ പരിഗണനയിലാണ്. യു.എ.ഇയിലെ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ കൊണ്ടുപോകുന്നതിന് പ്രത്യേക വിമാനം അയയ്ക്കാൻ തയ്യാറാണെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്.
കൂടുതൽ ഡോക്ടർമാരേയും നഴ്‌സുമാരേയും വേണമെന്ന രണ്ടാമത്തെ ആവശ്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കാനാവൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലെ ആവശ്യകതകൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിലെ തീരുമാനം. അതേ സമയം തന്നെ യു.എ.ഇയുമായുള്ള മികച്ച ബന്ധം പരിഗണിച്ച് അവരെ സഹായിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടേക്കും.
രണ്ടാഴ്ച മുമ്പ് ഒരു മെഡിക്കൽ സംഘത്തെ ഇന്ത്യ കുവൈറ്റിലേക്ക് അയച്ചിരുന്നു.