രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ വിധി നടപ്പാക്കിയിട്ട് പോലും പൊതുഇടങ്ങലിൽ സ്ത്രീകൾ ഇന്നും സുരക്ഷിതരല്ല എന്നോർമ്മിപ്പിക്കുകയാണ് ഈ ഇരുപതുകാരിയുടെ വെളിപ്പെടുത്തൽ. കൊവിഡ് ലോകത്ത് ദുരന്തം വിതക്കുന്ന ഈ കാലത്തുപോലും സ്ത്രീകളും കുട്ടികളും വീട്ടിൽ പോലും സുരക്ഷിതരല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബസുകളിലും ട്രെയിനിലും എന്തിന് വിമാനത്തിൽപോലും സ്ത്രീകൾ പലതരത്തിലുള്ള ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുണ്ട്. എന്നാൽ പലരും ഭയം കൊണ്ടും നാണക്കേടോർത്തും ഒന്നും പുറത്തു പറയാറില്ല എന്ന് മാത്രം.
അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവമാണ് ഇരുപതുകാരിയായ മാർവ പങ്കുവയ്ക്കുന്നത്.. ട്രെയിനിൽ വച്ച് തന്റെ മുത്തച്ഛന്റെ പ്രായമുള്ളയാൾ നിക്ക് നേരെ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ചാണ് മാർവ തുറന്നുപറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മാർവ ഇക്കാര്യം വെളിപ്പെടുത്തിയത്.
മാർവയുടെ വീഡിയോയിൽ പറയുന്നത്..
എനിക്ക് നേരിടേണ്ടി വന്ന ഒരു ലൈംഗിക അതിക്രമത്തെ കുറിച്ചാണ് ഇവിടെ പറയാനുള്ളത്. നിങ്ങളിൽ പലരും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. ഇപ്പോഴും എനിക്കും ഇക്കാര്യങ്ങൾ തുറന്നു പറയാൻ ഭയം തോന്നുകയാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം.
മംഗലൂരുവിൽനിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാനന്ന്. യാത്രയ്ക്കിടെ അറുപതു വയസിനു മുകളിൽ [പ്രായം തോന്നുന്ന ഒരാൾ എന്റെ അടുത്ത് വന്നിരുന്നു. ഇരുന്നയുടൻ തന്നെ അയാൾ ഉറങ്ങാൻ തുടങ്ങി, അല്ല അയാൾ ഉറങ്ങുന്നതു പോലെ അഭിനയിച്ചു എന്ന് പറയുന്നതാണ് ശരി.
ഇടക്കയാൾ എന്റെ എന്റെ മാറിടത്തിൽ സ്പർശിച്ച പോലെ എനിക്കു തോന്നി. വെറും തോന്നലായിരിക്കും എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്.
തുടർന്ന് ഞാനും ഉറങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ നേരത്തെ സംഭവിച്ചത് എന്റെ തോന്നൽ അല്ല എന്ന് മനസിലായി. അയാൾ എന്റെ മാറിടത്തിൽ സ്പർശിച്ചിട്ടുണ്ട്.
എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാൾ. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്.എന്നിട്ട് പിന്നെയും അയാൾ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്.
എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. സംസാരിക്കാൻ തുടങ്ങുമ്പോൾ ശബ്ദം പോലും പുറത്തു വരാത്ത അവസ്ഥ.
ഒടുവിൽ ഞാൻ പ്രതികരിച്ചു. അയാൾക്കു നേരെ പൊട്ടിത്തെറിച്ചു.. അലറിവിളിച്ചു. പക്ഷേ, താൻ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. ഞാൻ ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാർട്ട്‌മെന്റിലുള്ള മറ്റു യാത്രക്കാർ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.' മാർവ പറയുന്നു.
ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ നമുക്കുണ്ടാകുന്നുണ്ട്. പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പെൺകുട്ടികൾക്കുണ്ടാകുന്നുണ്ട്. കൂടുതൽ പ്രശ്‌നമുണ്ടാക്കണ്ട എന്ന ഭയം കൊണ്ടുമാത്രമാണ് പലരും തുറന്നു പറയാതെ പോകുന്നത്. ഭയപ്പെടാതെ തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ തയ്യാറാകണമെന്നും മാർവ ആവശ്യപ്പെട്ടു.