കുഞ്ഞുങ്ങളിലെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്താൻ രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണം. നവജാത ശിശുവിന്റെ കണ്ണുകളിൽ വലിപ്പ വ്യത്യാസം, തടിപ്പ്, ചുവപ്പ്, കണ്ണുകളിൽ നിന്ന് വെള്ളം വരിക, പീളവരിക എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക. നേരിയ അണുബാധ മുതൽ ജന്മനാലുള്ള ഗ്ലോക്കോമയ്ക്ക് വരെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം. കാഴ്ച വൈകല്യങ്ങളായ ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്‌മാറ്റിസം എന്നിവയൊക്കെ കണ്ടുപിടിക്കാനും രക്ഷിതാവിന്റെ ജാഗ്രതയുണ്ടാകണം. പുസ്തങ്ങൾ, വസ്തുക്കൾ എന്നിവ വളരെ അടുത്ത് പിടിച്ച് നോക്കുക, ടെലിവിഷൻ, ബ്ലാക്ക് ബോർഡ് എന്നിവ വളരെ അടുത്ത് നിന്ന് ശ്രദ്ധിക്കുക എന്നിവ കാഴ്ചവൈകല്യങ്ങളുടെ ലക്ഷണമാണ്. മാതാപിതാക്കൾ മാത്രമല്ല അദ്ധ്യാപകരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. സംശയം തോന്നിയാൽ കുട്ടിയെ ഡോക്ടറെ കാണിക്കുക. കുഞ്ഞിന് ഒരു വസ്തുവിൽ ദൃഷ്ടി കേന്ദ്രീകരിച്ച് നിറുത്താൻ സാധിക്കാത്ത വിധം കണ്ണുകൾക്ക് അസാധാരണമായ ചലനം ഉണ്ടെങ്കിൽ സാരമായ കാഴ്ചക്കുറവിന്റെ സൂചനയാണ്. ചിലപ്പോൾ തലച്ചോറിനെ ബാധിക്കുന്ന ചില രോഗങ്ങളുടെ ഭാഗമായും ഈ ലക്ഷണം കണ്ടേക്കാം. കുട്ടിയുടെ കൃഷ്ണമണിക്കുള്ളിൽ വെളുപ്പ് നിറത്തിലുള്ള പ്രതിഫലനം ശ്രദ്ധയിൽ പെട്ടാൽ അടിയന്തരമായി ഡോക്ടറെ കാണുക. കാരണം കണ്ണിനുള്ളിലെ ചില ട്യൂമറുകൾ, റെറ്റിന വിട്ടപോയ അവസ്ഥ, തിമിരം എന്നിങ്ങനെ പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകും.