covid-death

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. മരണസംഖ്യ രണ്ട് ലക്ഷത്തി പതിനേഴായിരം കടന്നു. ഒമ്പത് ലക്ഷത്തിലധികം പേർ രോഗ മുക്തരായി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടായിരത്തി ഇരുനൂറിലധികം പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 58,351 ആയി ഉയർന്നു. 25,000ത്തോളം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പത്ത് ലക്ഷത്തിലധികം രോഗബാധിതരാണ് യു.എസിലുള്ളത്. രോഗ വ്യാപനം വർദ്ധിച്ചിട്ടും മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് തുടരുകയാണെന്ന് റിപ്പോർട്ട് ഉണ്ട്.

സ്‌പെയിനിലും ബ്രിട്ടണിലും ഇറ്റലിയിലും പ്രതിദിന മരണനിരക്ക് 400ൽ താഴെയായി. രണ്ട് ലക്ഷത്തിലധികം രോഗികളുള്ള സ്‌പെയിനിൽ 23800 ലധികം പേരാണ് മരിച്ചത്. ഇറ്റലിയിൽ 27359പേർ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടണിൽ മരിച്ചവരുടെ എണ്ണം 21,678 ആയി. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന് ശമനമില്ല. സൗദിയിൽ ഇരുപതിനായിരത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. റംസാൻ പ്രമാണിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതിനാൽ കൂടുതൽ ജാഗ്രതയിലാണ് അധികൃതർ.