തിരുവനന്തപുരംഃ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ സമ്പർക്കപ്പട്ടികയിലില്ലാത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുളത്തൂപ്പുഴ പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലായി. ഇന്നലെ രാത്രി രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ അയ്യൻപിള്ള വളവ് സ്വദേശിയും തുന്നൽ തൊഴിലാളിയുമായ ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ച കുളത്തൂപ്പുഴയിലെ ആദ്യ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേർ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ലോക്ക് ഡൗണിനുശേഷം കുളത്തൂപ്പുഴയിലെ തയ്യൽക്കട അടച്ച് വീട്ടിൽ കഴിയുകയായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ. ഇയാൾക്ക് തമിഴ്നാട്ടിൽ പോയി വന്നയാളുമായി യാതൊരുവിധ സമ്പർക്കവുമുണ്ടായിരുന്നില്ല. പനിയും മലബന്ധവുമായി ഇയാൾ കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതിനിടെ എവിടെ നിന്നാണ് ഇയാൾക്ക് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.
കഴിഞ്ഞദിവസം പനിയും ലക്ഷണങ്ങളും അനുഭവപ്പെട്ട ഇയാൾ പുനലൂർ ഗവ. ആശുപത്രിയിലെത്തുകയും ആശുപത്രി അധികൃതർ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് രാത്രി തന്നെ ഇയാളെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളും അയൽവാസികളുമെല്ലാം നിരീക്ഷണത്തിലായിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. ഇയാൾ ചികിത്സ തേടിയെത്തിയ കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, സ്വകാര്യ ആശുപത്രി എന്നിവിടങ്ങൾ താൽക്കാലികമായി അടച്ച് അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആദ്യ കൊവിഡ് കേസിനെ തുടർന്ന് കുളത്തൂപ്പുഴ, തെൻമല, ഉറുകുന്ന് പ്രദേശങ്ങൾ പൂർണമായും അടച്ചിരിക്കുകയാണ്. അതിനാൽ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യത വിരളമാണെങ്കിലും പുതിയ ഒരു കേസ് കൂടി റിപ്പോർട്ടായതോടെ കുളത്തൂപ്പുഴ പ്രദേശം വീണ്ടും ജാഗ്രതയിലായി.