ഭൂമി അതിന്റെ വശ്യതയും മനോഹാരിതയോടും കൂടി നിലനിൽക്കുമ്പോൾ പല സംസ്കാരങ്ങളിലൂടെ പരിഷ്കൃത സമൂഹം എന്ന പേരിൽ അതിനെ തകർത്ത് മുന്നേറുന്ന മനുഷ്യനെ അങ്ങനെയാകരുത് എന്ന് ഓർമ്മപ്പെടുത്തുകയാണ് പ്രിയചന്ദ്രൻ പേരയിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വേട്ട' എന്ന ത്രില്ലർ ഹ്രസ്വചിത്രം.
പ്രശസ്ത അമേരിക്കൻ ഭിഷഗ്വരനായ ജോനാസ് സാൽക്കിന്റെ ' ഭൂമിയിലെ സകല പ്രാണികളും നശിച്ചാൽ അൻപത് വർഷത്തിനകം ജീവൻ അവസാനിക്കും. എന്നാൽ മനുഷ്യനാണ് നാശമെങ്കിലോ അൻപത് വർഷത്തിനകം ഭൂമിയിലെ ജീവൻ പൂത്തുലയും.' എന്ന വാക് സരണിയിലൂടെ ആരംഭിക്കുന്ന ചിത്രം കഥാഗതിയെ കുറിച്ച് അതിലൂടെ തന്നെ സൂചനകൾ നൽകുകയാണ്.
തുടക്കത്തിലെ പതിഞ്ഞ താളത്തിൽ നിന്നും ത്രില്ലിങ് മൂഡിലേക്ക് കടക്കുമ്പോൾ പ്രേക്ഷകനെ ഒരിക്കൽ പോലും ചിത്രം മടുപ്പിക്കുകയേയില്ല. ജയന്ത് എന്ന പ്രസാധകന്റെ പ്രേരണയിൽ ശരത് എന്ന എഴുത്തുകാരൻ നഗരമനുഷ്യനിൽ നിന്ന് മാറി ഒരു കാടിനോട് ചേർന്നുള്ള വീട്ടിൽ കഴിയുന്ന നിഗൂഢതകളുള്ള ഭദ്രൻ എന്നയാളെ ഇന്റർവ്യൂ ചെയ്യാൻ പുറപ്പെടുന്നതാണ് കഥയുടെ തുടക്കം.
പരിഷ്കൃത സമൂഹം എന്ന് കരുതി മനുഷ്യർ കാട്ടിക്കൂട്ടുന്ന തെററായ പ്രവണതകളെയും അതിന് തന്റെ പരിഹാരമായ വേട്ടയാണ് നല്ലത് എന്ന ഭദ്രന്റെ നിഗമനവും ഓരോ സീനിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. പേരയിൽ പ്രൊഡക്ഷൻസ് നിർമ്മിച്ച് പ്രിയചന്ദ്രൻ പേരയിൽ, ജിജി തോമസ് എന്നിവർ കഥയെഴുതിയ വേട്ടയുടെ ഛായഗ്രാഹണ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാങ്ക്ളിൻ ആണ്. അഖിൽ അനിൽകുമാറാണ് ക്രിയേറ്റീവ് ഡയറക്ടർ. ത്രില്ലർ സ്വഭാവം ആദ്യന്തം നിലനിർത്തുന്ന പശ്ചാത്തല സംഗീതമൊരുക്കിയത് ഷിയാദ് കബീറാണ്. എഡിറ്റിംഗ് ഇജാസ് നൗഷാദ്.