kallara

പാറശാല: മുപ്പത്തഞ്ച് വർഷം പഴക്കമുള്ള കല്ലറ തകർത്ത് അസ്ഥികളും മൃതദേഹ അവശിഷ്ടങ്ങളും കടത്തിയതായി പരാതി. ചെങ്കൽ വ്ലാത്താങ്കര കാഞ്ഞിരമൂട്ട് കടവ് വീട്ടിൽ ചെല്ലയ്യൻ നാടാരുടെ കല്ലറയാണ് തകർക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. മുപ്പത്തിയഞ്ച് വർഷം മുമ്പ് മരിച്ച ചെല്ലയ്യൻനാടാരെ കുടുംബവീടിനോട് ചേർന്ന് കല്ലറകെട്ടിയാണ് സംസ്കരിച്ചത്. മക്കളെല്ലാം വെവ്വേറെ വീടുകൾ വച്ച് താമസം ആരംഭിച്ചതോടെ കുടുംബവീട് പൊളിച്ചു. ഇന്ന് രാവിലെ കുടുംബവീടിന് സമീപത്തെ വാഴത്തോട്ടത്തിലേക്ക് പോകുകയായിരുന്ന ചെല്ലയ്യൻനാടാരുടെ രണ്ടാമത്തെ മകൻ സോമനാണ് കല്ലറ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സ്ളാബും വശത്ത് കെട്ടിയിരുന്ന ഇഷ്ടികകളും പൊളിച്ച്മാറ്റിയ നിലയിൽ കണ്ടതോടെ ഇയാൾ മറ്റ് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സി.എസ്.ഐ വിഭാഗക്കാരായ ബന്ധുക്കൾ സ്ഥലത്തെത്തി വിവരമറിഞ്ഞ് സി.എസ്.ഐ ഇടവക പള്ളിവികാരിയും സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരം ശക്തമായ മഴയുണ്ടായിരുന്ന ഇവിടെ കല്ലറയ്ക്ക് സമീപം മൺവെട്ടി പിക്കാസ് , കമ്പിപ്പാര എന്നിവ ഉപയോഗിച്ചതിന്റെ അടയാളങ്ങളും കാൽപ്പാടുകളും കണ്ടതോടെ കല്ലറ ആരോ തകർത്തതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ചെല്ലയ്യൻനാടാരുടെ മകൻ സുരയും ചെറുമകൻ രാജേഷും പാറശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.

ചെല്ലയ്യൻനാടാരെ അടക്കം ചെയ്തതിന് സമീപത്ത് തന്നെ ഇവരുടെ കുടുംബത്തിൽപ്പെട്ട മറ്രുള്ളവരെ അടക്കം ചെയ്ത കല്ലറകളുമുണ്ട്. അതിനൊന്നും കേട് വരുത്താതെ ചെല്ലയ്യൻനാടാരെ സംസ്കരിച്ച കല്ലറ മാത്രമാണ് തകർത്തത്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചു. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് മന്ത്രവാദികളോ സമൂഹവിരുദ്ധരോ ആകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാറശാല പൊലീസ് പറഞ്ഞു.