ന്യൂഡൽഹി:- കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ വിപുലമായ സംവിധാനമൊരുക്കുകയാണ് കേന്ദ്രസർക്കാർ. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും ഇതിനായി തയ്യാറായി കഴിഞ്ഞു. മടങ്ങിവരുന്നവരിൽ സാധാരണ തൊഴിലാളികൾക്കാകും ആദ്യ പരിഗണന എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അറിയിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികളും പിന്നാലെ മറ്റ് തൊഴിലുകൾക്കായി വിദേശത്തേക്ക് പോയവരെയും മടക്കിയെത്തിക്കും.
മടങ്ങാൻ തയ്യാറായ പ്രവാസികളുടെ കൃത്യമായ പട്ടിക തയ്യാറാക്കി സംസ്ഥാനങ്ങളുമായി ചേർന്ന് ആലോചിച്ച ശേഷമാകും അവരുടെ പുനരധിവാസം നടത്തുക. നാവികസേനയുടെയും എയർ ഇന്ത്യയുടെയും സഹായം ഇതിനായി തേടിയിട്ടുണ്ട്. നാട്ടിലെത്തുന്ന ഇവരെ പ്രത്യേകം തയ്യാറാക്കിയ കോറന്റൈൻ കേന്ദ്രങ്ങളിലേക്കോ ആവശ്യമെങ്കിൽ നേരെ ആശുപത്രികളിലേക്കോ എത്തിക്കാനാണ് തീരുമാനം.
പ്രവാസകാര്യ മന്ത്രാലയം ഇതിനായി പ്രത്യേക കൺട്രോൾ റൂം ഉടൻ പ്രവർത്തനം ആരംഭിക്കും. നിരവധി പ്രവാസികളാണ് സോഷ്യൽ മീഡിയ വഴിയും ഇമെയിൽ സന്ദേശങ്ങളിലൂടെയും തിരികെയെത്താൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ മെയ് 3 വരെ എല്ലാവിധ പൊതുഗതാഗതവും ഇന്ത്യ വിലക്കിയതിനാൽ ഇവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായി. പ്രവാസികളുടെ പുനരധിവാസത്തിനായുള്ള കേന്ദ്ര അറിയിപ്പിനായി കാക്കുകയാണെന്ന് ദുബായിയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഏകദേശം പത്ത് ലക്ഷത്തോളം ഇന്ത്യാക്കരുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരിൽ തുറമുഖ നഗരങ്ങളിൽ ധാരാളം ആളുകൾ താമസിക്കുന്നുണ്ട്. ഇവരെ തുറമുഖങ്ങളിൽ നിന്ന് നേരിട്ട് തിരികെയെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടിയിരിക്കുന്നത്.
അതേസമയം നാട്ടിലേക്ക് മടങ്ങിയെത്താൻ നോർക്ക വെബ്സൈറ്റ് വഴി രജിസ്ട്രർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം കഴിഞ്ഞ ദിവസം 3 ലക്ഷം കടന്നിരുന്നു. സംസ്ഥാനം ഇവരെ സ്വീകരിക്കാൻ പൂർണ്ണസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.