three-weeks

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് അൺ ഫോളോ ചെയ്ത് വെെറ്റ് ഹൗസ്. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് മാത്രമല്ല പ്രെെം മിനിസ്റ്റർ ഓഫീസ് (പി.എം.ഒ)​,​ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും അൺഫോളോ ചെയ്തിരിക്കുകയാണ് വെെറ്റ് ഹൗസ്. യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ലോകത്തിലെ ഏക പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ കൂടാതെ പ്രസിഡന്റ് രാം നാഥ് കോവിന്ദും ട്വിറ്ററിൽ വൈറ്റ് ഹൗസ് പിന്തുടർന്ന ലോക നേതാക്കളായിരുന്നു.

മൂന്നാഴ്‍ച മുമ്പാണ് വൈറ്റ് ഹൗസ് മോദിയുടെ പേഴ്‍സണല്‍ അക്കൗണ്ടും രാഷ്ട്രപതിയുടെയും പി.എം.ഒയുടെയും അക്കൗണ്ടും ട്വിറ്ററില്‍ പിന്തുടരാന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 10നാണ് ഇവരുടെ വ്യക്തിഗത ട്വിറ്റർ ഹാൻഡിലുകൾ പിന്തുട‌രാൻ തുടങ്ങിയത്. വൈറ്റ്ഹൗസ് ട്വിറ്റർ അക്കൗണ്ടിൽ 21.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മോദിയെ ഉള്‍പ്പെടെ അണ്‍ഫോളോ ചെയ്‍തതോടെ വൈറ്റ് ഹൗസ് പിന്തുടരുന്ന അക്കൗണ്ടുകള്‍ 13ആയി. 0.5 ലക്ഷം ഫോളോവേഴ്സും ഉണ്ട്.

വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി,​ ന്യൂഡൽഹിയിലെ യു.എസ് എംബസിയും വെെറ്റ് ഹൗസ് അൺഫോളോ ചെയത് കൂട്ടത്തിലുണ്ട്. നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ട്രംപ് അടുത്തിടെ ഇന്ത്യക്കെതിരെ ഭീഷണിയുടെ സ്വരമുയര്‍ത്തിയിരുന്നു. മലേറിയ ഭേദമാക്കാനുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ടായിരുന്നു അമേരിക്ക കടുത്ത നിലപാട് സ്വീകരിച്ചിരുന്നത്.

ക്ലോറോക്വിൻ അനുവദിച്ചില്ലെങ്കിൽ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കൊവിഡ്-19 ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിയതായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. അതേസമയം,​ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് അമേരിക്കക്ക് നൽകിയ ഇന്ത്യയുടെ നടപടിയില്‍ ട്രംപ് നന്ദി അറിയിച്ചിരുന്നു.

”ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി. ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി മോദി. താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു”. ട്രംപ് ട്വീറ്റ് ചെയ്തു. ഇത്തരം അസാധാരണമായ സാഹചര്യങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഇന്ത്യ-അമേരിക്ക ബന്ധത്തെ സൂചിപ്പിച്ച്‌ ട്രംപ് വ്യക്തമാക്കിയിരുന്നു.