lock-down

കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോകം മുഴുവൻ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ലോക്ക് ഡൗണിന് പിന്നാലെ ഗർഭ നിരോധന മാർഗങ്ങൾക്ക് വൻ ഡിമാന്റാണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഡിമാന്റ് കൂടിയെങ്കിലും, കൊവിഡ് ഭീതിയിൽ ഇതിന്റെ ഉത്പാദനം നടക്കാത്തത് കൊണ്ട് ഗർഭ നിരോധന മാർഗങ്ങൾക്ക് വൻ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം ലോകത്ത് 70 ലക്ഷം സ്ത്രീകൾ ആഗ്രഹിക്കാതെ ഗർഭിണികളായേക്കുമെന്നാണ് യു.എൻ പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇടത്തരം വരുമാനമുള്ളതും, താഴ്ന്ന വരുമാനമുള്ളതുമായ രാജ്യങ്ങളിലുള്ള 4.7 കോടി പേർക്ക് ഗർഭനിരോധന മാർഗങ്ങൾ കിട്ടുന്നില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ കൊവിഡ് സ്ത്രീകളിലുണ്ടാക്കിയ ആഘാതമാണ് കാണിക്കുന്നതെന്ന് യു.എൻ.എഫ്.പി.എ എക്സിക്യൂട്ടീവ് ഡയറക്ടർ നതാലിയ കാനെം പറയുന്നു.


' 114 താഴ്ന്ന ഇടത്തരം രാജ്യങ്ങളിലെ 45 കോടി സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയാേഗിക്കുന്നുണ്ട്. എന്നാൽ 4.7 കോടി സ്ത്രീകൾക്ക് ഇതൊന്നും ലഭിക്കുന്നില്ല. ഇതുമൂലം 70 ലക്ഷത്തിലധികം പേർ ആഗ്രഹിക്കാതെ ഗർഭിണികളായയേക്കും.ആറ് മാസത്തെ ലോക്ക് ഡൗൺ ലിംഗപരമായ അക്രമങ്ങൾക്ക് കാരണമാകാനും സാദ്ധ്യതയുണ്ട്. കൂടാതെ ബാലവിവാഹം, ചേലകർമ്മം പോലുള്ളവയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്കും കാലതാമസമുണ്ടാവാൻ ലോക്ക് ഡൗൺ കാരണമാകും.'-പഠന റിപ്പോർട്ടിൽ പറയുന്നു.

ജനസംഖ്യയും, ബാല വിവാഹവും,ചേലാകർമ്മവുമൊക്കെ കൂടാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ജോൺ ഹോപ്കിൻസ് സർവ്വകലാശാല, അവനിർ ഹേൽത്ത്, വിക്ടോറിയ സർവ്വകലാശാല, എന്നിവരുടെ കണക്കുകൾ വിശകലനം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്.