pic

ന്യൂഡൽഹി: കൊവിഡ് 19 രോഗബാധമൂലം ചൈനയിൽ പ്രതിസന്ധിയിലായ യുഎസ് കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ തയ്യാറായതായി സംസ്ഥാനത്തെ കാബിനറ്റ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ്. യുഎസ് കമ്പനികളുമായി നടത്തിയ ഓൺലൈൻ സെമിനാറിലാണ് ഈ തീരുമാനമുണ്ടായതെന്ന് സിങ് പറഞ്ഞു.

അമേരിക്കൻ കമ്പനികൾക്ക് ചൈനയിൽ ശക്തമായ നിക്ഷേപമുണ്ട്. കൊവിഡ് രോഗബാധയുടെ പ്രതിസന്ധിയെ തുടർന്ന് ചൈനയിൽ നിന്നും അവർ പിൻവാങ്ങുന്ന നിലവിലെ അവസരത്തിൽ സംസ്ഥാനത്തെ വ്യവസായ നിയമങ്ങളിൽ മാറ്റം വരുത്തി അവരെ ഇവിടേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.' സിങ് പറഞ്ഞു. സെമിനാറിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിരോധ, ആരോഗ്യം,വിദ്യാഭ്യാസം, ഭക്ഷണം, ഇലക്ട്രോണിക് മേഖലകളിലെ താൽപര്യങ്ങളെ കമ്പനികളുമായി ചർച്ച ചെയ്തെന്നും അവർ പ്രതീക്ഷ നൽകുന്ന വിധമാണ് പ്രതികരിച്ചതെന്നും മന്ത്രി അറിയിച്ചു. യുപിഎസ്, ബോസ്റ്റൺ സൈന്റിഫിക്ക്, അഡോബി പോലെയുള്ള വലിയ കമ്പനികളാണ് ഓൺലൈൻ സെമിനാറിൽ പങ്കെടുത്തത്.