news

1. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ദുരന്ത നിവാരണ നിയമപ്രകാരം ആണ് അംഗീകാരം നല്‍കിയത്. ഇനി ഗവര്‍ണറുടെ അംഗീകാരത്തിന് ആയി അയച്ച് കൊടുക്കും. ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ നടപടി നിയമപരമാക്കാന്‍ ആണെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം തിരിച്ച് നല്‍കുന്നത് ആറ് മാസത്തിന് ഉള്ളില്‍ തീരുമാനിച്ചാല്‍ മതി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഈ മാസത്തെ ശമ്പളം നല്‍കുന്നത് നിയമം പ്രാബല്യത്തില്‍ വന്നശേഷം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ബാധകം ആണ്. പണം എന്ന് തിരിച്ച് നല്‍കണം എന്ന് ആറ് മാസത്തിനകം തീരുമാനിച്ചാല്‍ മതി. നിലവിലെ സാഹചര്യം മനസിലാക്കാത്തവര്‍ ആണ് എതിര്‍ക്കുന്നത് എന്നും തോമസ് ഐസക്.
2. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ശമ്പളം ജീവനക്കാരുടെ അവകാശം ആണെന്ന് പറഞ്ഞ് ഹൈകോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്. ഇതൊരു നിയമ പ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുക എന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുക ആണെന്നും കോടതി അറിയിച്ചു.
3. കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ന്നതോടെ കോട്ടയം ജില്ലയില്‍ കടുത്ത നിയന്ത്രണം. പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂടിയാല്‍ കേസ് എടുകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എ.ഡി.ജി.പി പത്മകുമാറിനാണ് ജില്ലയില്‍ പൊലീസിന്റെ മേല്‍നോട്ട ചുമതല. ലോക്ക് ഡൗണ്‍ ആയിട്ടും രോഗം പലരിലേക്കും പകര്‍ന്നത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 19 പേര്‍ ജില്ലയില്‍ ചികിത്സയില്‍ ഉണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കൂടി കണക്കില്‍ എടുത്താണ് കടുത്ത നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി ഇരിക്കുന്നത്.


4. ഹോട്ട്സ്‌പോട്ടുകളില്‍ അടക്കം അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടിമാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളു. അല്ലാത്ത സ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ട്. വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു. രോഗബാധിതര്‍ സഞ്ചരിച്ച റൂട്ട് മാപ്പുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയര്‍ ആക്കുന്നുണ്ട്. ഇതുവരെ 1,166 സാമ്പിളുകള്‍ ജില്ലയില്‍ പരിശോധനയ്ക്ക് അയച്ചു. 729 എണ്ണം നെഗറ്റീവാണ്.
5. സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്. മെയ് രണ്ടു വരെയാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ്. ആറ് മുതല്‍ പതിനൊന്ന് സെന്റീമീറ്റര്‍ വരെ മഴയുണ്ടാകും. ശക്തമായ ഇടിയോട് കൂടിയ മഴക്കൊപ്പം പെട്ടെന്ന് വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇന്നലെ തെക്കന്‍ കേരളത്തില്‍ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു.
6. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത് ഇതോടെ രാജ്യത്ത് മരണനിരക്ക് 1007 ആയി. 31,332 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,897 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 7,696 പേര്‍ ഇതുവരെ രോഗമുക്തി നേടി. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മരണം 400 കടന്നു. 9318 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 728 പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഗുജറാത്തില്‍ 196 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. ഗുജറാത്തില്‍ രോഗബാധിതര്‍ 3,744 ആയി. ഗുജറാത്തില്‍ 181 പേര്‍ രോഗം ബാധിച്ച് മരിച്ചു.
7. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 40 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇരു സംസ്ഥാനങ്ങളിലുമായി 581 പേരാണ് മരിച്ചത്. മെയ് ആദ്യവാരത്തോടെ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശില്‍ രോഗബാധിതരുടെ എണ്ണം 2,053 ആണ്. മധ്യപ്രദേശില്‍ 2,387 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 120 പേര്‍ മരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ 1,259 പേര്‍ക്കും രാജസ്ഥാനില്‍ 2,364 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ റെഡ് സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍ നിന്ന് 129 ആയി കുറഞ്ഞിട്ടുണ്ട്. ഗ്രീന്‍സോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് 14ാമതാണ് ഇപ്പോള്‍ ഇന്ത്യ
8. അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഒരു മാസത്തനിടയില്‍ രാജ്യത്തെ 301 ജില്ലകളില്‍ ആദ്യ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ രോഗവ്യാപനം കൂടുകയും ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 41ഉം തമിഴ്നാട്ടില്‍ 26ഉം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം 500നു മുകളില്‍ ആളുകള്‍ക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.