നാസ:മണിക്കൂറിൽ മുപ്പതിനായിരത്തിലേറെ കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന, ഒന്നര കിലോമീറ്ററിലധികം വലിപ്പമുള്ള ക്ഷുദ്രഗ്രഹം ( ആസ്റ്ററോയിഡ് ) ഭൂമിക്ക് ദോഷം ചെയ്യാതെ കടന്നുപോയി.
സൗരയൂഥത്തിനകത്ത് കറങ്ങുന്ന ചെറിയ ഗ്രഹങ്ങളാണ് ക്ഷുദ്രഗ്രഹങ്ങൾ. 1998 ഒ. ആർ 2 (52768) എന്ന കൂറ്റൻ പാറക്കഷണമാണ് ഇന്നലെ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.26ന് ഭൂമിയെ കടന്നു പോയത്. ഭൂമിക്ക് അപകടമുണ്ടാക്കാൻ സാദ്ധ്യതയുള്ള ക്ഷുദ്രഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിനെയും ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരുന്നത്. എങ്കിലും ഇത് ഭൂമിയിൽ പതിക്കില്ലെന്ന് അവർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ സഞ്ചാരപഥം അവർ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ 3.26നാണ് അത് ഭൂമിയോട് ഏറ്റവും അടുത്തു വന്നത്. ഭൂമിക്ക് 62.4 ലക്ഷം കിലോമീറ്റർ അടുത്തു വരെയാണ് എത്തിയത്. അതായത് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ പതിനാറ് മടങ്ങ്.
അഞ്ഞൂറ് അടിയിൽ കൂടുതൽ വലിപ്പവും ഭൂമിയുടെ ഭ്രമണപഥത്തിന് 80ലക്ഷം കിലോമീറ്റർ വരെ അടുത്തും എത്തുന്ന ബഹിരാകാശ വസ്തുക്കളെയാണ് അപകടകാരികളായി (പൊട്ടൻഷ്യലി ഹസാഡസ് ഒബ്ജക്ട് ) ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. വലിപ്പത്തിലും ദൂരത്തിലും ഈ പരിധിയിലുള്ളതാണെങ്കിലും അപകടമുണ്ടാക്കാതെ പോയി. പണ്ട് ദിനോസറുകളെ ഉന്മൂലനം ചെയ്ത് ഭൂമിയിൽ പതിച്ച ക്ഷുദ്രഗ്രഹത്തേക്കാൾ ചെറുതായിരുന്നു ഇത്. ഈ ക്ഷുദ്രഗ്രഹം ഇനി 59 വർഷത്തിന് ശേഷം 2079ൽ ഭൂമിയോട് കുറേക്കൂടി അടുത്തു വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഭൂമിക്ക് അപകടമുണ്ടാക്കുന്ന മറ്റ് ബഹിരാകാശ വസ്തുക്കളൊന്നും ഇല്ല.
1998 ഒ. ആർ.2
1998ജൂലായിൽ നാസയുടെ ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്
അന്നു മുതൽ അവർ ഇതിനെ നിരീക്ഷിക്കുകയാണ്
200 വർഷത്തേക്ക് ഇത് ഭൂമിക്ക് അപകടമുണ്ടാക്കില്ല
2079ൽ ഭൂമിക്ക് 16ലക്ഷം കിലോമീറ്റർ അടുത്തു വരെ എത്തും.
അതായത് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാല് മടങ്ങ്