കാലിഫോർണിയ:- ലോകമാകെ കൊവിഡ്19 രോഗബാധയെ തുടർന്ന് പ്രതിസന്ധിയിലായതാണ് വ്യോമയാന മേഖല. ഏറ്റവുമധികം രോഗം പ്രതിസന്ധി സൃഷ്ടിച്ച അമേരിക്കയിലെ എയർപോർട്ടിലെ പറക്കാതെ നിരനിരയായി നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഇതിന്റെ യഥാർത്ഥ ചിത്രം വെളിവാക്കുന്നു. ഇത്തരം ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കാലിഫോർണിയയിലെ വിക്ടർവില്ലി എയർപോർട്ടിലാണ് ഇങ്ങനെ വിമാനങ്ങളുടെ നീണ്ടനിര കാണാനാകുക. കാലിഫോർണിയയിലെ ഒരു വൈമാനികൻ ആയ ബ്രയാൻ കീത്ത് തന്റെ ചെറുവിമാനത്തിൽ എയർപോർട്ടിനു മുകളിലൂടെ പറന്ന് ഈ രംഗം വീഡിയോയിൽ ചിത്രീകരിച്ചിരിക്കുകയാണ്.
എയർപോർട് ട്രാഫിക് കൺട്രോളുമായി സഹകരിച്ചാണ് ബ്രയാൻ ഈ രംഗം പകർത്തിയത്. റൺവേയിൽ നിർത്തിയിട്ടിരിക്കുന്നത് നാനൂറോളം വിമാനങ്ങളാണ്. ഇതോടെ ഏറ്റവുമധികം വിമാനങ്ങൾ പാർക്ക് ചെയ്ത വിമാനത്താവളമായി വിക്ടർവില്ലി വിമാനത്താവളം മാറി. സമൂഹമാധ്യമങ്ങളിൽ മുപ്പത് ലക്ഷത്തോളം ആളുകളാണ് ബ്രയാന്റെ ഈ വീഡിയോ കണ്ടത്.