ബോളിവുഡിൽ നിന്ന് നിരവധി ഒാഫറുകൾ വന്നിട്ടുണ്ടെങ്കിലും കാർവാ ആദ്യ ചിത്രമായി തിരഞ്ഞെടുക്കാനുള്ള ഒരു കാരണം ഇർഫാൻ സർ ആയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം എങ്ങനെ നഷ്ടപ്പെടുത്താനാകും. ഒരുമിച്ച് അഭിനയിച്ചശേഷം ആരാധന കൂടിയിട്ടേയുള്ളു. ഒരു ആരാധകനായും വിദ്യാർത്ഥിയായും ഞാനദ്ദേഹത്തിന്റെ ഭാവചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുമായിരുന്നു.
ഞാനഭിനയിച്ച മലയാള സിനിമകളേക്കാൾ വേഗത്തിൽ വെറും മുപ്പത്തിനാല് ദിവസം കൊണ്ടാണ് കാർവായുടെ ഷൂട്ടിംഗ് തീർന്നത്. ഇത്ര പെട്ടെന്ന് ഷൂട്ടിംഗ് കഴിഞ്ഞ് പോയല്ലോയെന്ന സങ്കടമായിരുന്നു എനിക്കപ്പോൾ തോന്നിയത്. ഇർഫാൻ സാറുമൊത്ത് ചെലവഴിച്ച രസകരങ്ങളായ നിമിഷങ്ങൾ തന്നെയായിരുന്നു അതിന് കാരണം.
ഷൗക്കത്ത് എന്ന അല്പം എക്‌സൺട്രിക്കായ കഥാപാത്രത്തെയാണ് കാർവായിൽ ഇർഫാൻ സർ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ നർമ്മബോധം ശരിക്കും ചൂഷണം ചെയ്ത കഥാപാത്രം.
ശരിക്കും ഒരു ഉൗർജ്ജ പ്രവാഹം തന്നെയായിരുന്നു ഇർഫാൻ സർ. ആരോഗ്യ പ്രശ്നങ്ങൾ കാരണം ആ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ചെയ്യാൻ പോകുന്ന കഥാപാത്രങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും അദ്ദേഹം വാതോരാതെ എന്നോട് സംസാരിക്കുമായിരുന്നു.മലയാളത്തിൽ നിന്ന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ പോകുന്ന സിനിമകളെക്കുറിച്ച് അദ്ദേഹം എന്നോട് അന്വേഷിച്ചിട്ടുണ്ട്. ഗുരുതുല്യനായ ആ നല്ല മനുഷ്യന്റെ വേർപാട് ഒരിക്കലും തീരാത്ത സങ്കടമാണ്.ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായത് പകരക്കാരനില്ലാത്ത ഒരു ലോകോത്തര നടനെയാണ്.