world-covid-updates

ഇംഗ്ളണ്ട് : യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡിന് നേരിയ ശമനമുണ്ടെങ്കിലും ബ്രിട്ടനിൽ വൈറസ് പിടിമുറുക്കുകയാണ്. പ്രതിദിനം ശരാശരി 900ത്തിലേറെപ്പേരാണ് ബ്രിട്ടനിൽ മരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് 500- 600 ലേക്ക് താഴ്ന്നെങ്കിലും വൈറസ് വ്യാപനം ഉടനെയൊന്നും നിയന്ത്രണ വിധേയമാകില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.

രാജ്യത്ത് 20,​000 പേർ മരിക്കുമെന്നായിരുന്നു ആരോഗ്യ വിഭാഗത്തിന്റെ പ്രവചനം. മരണം 20,000ത്തിൽ ഒതുങ്ങിയാൽ പ്രതിരോധ നടപടികൾ ഫലപ്രദമായെന്ന് കരുതാനാകുമെന്ന് ആരോഗ്യ മന്ത്രി മാറ്റ് ഹാനോക്കും പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ മരണം 21,000 പിന്നിട്ടു.

ഇതിനിടയിൽ പനിയും ശരീരവേദനയുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉണർത്തുന്നുണ്ട്. ഈ അസാധാരണ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും പ്രത്യേക പരിചരണം നൽകാനും എൻ.എച്ച്.എസ് ഇംഗ്ലണ്ട് ഡോക്ടർമാരോട് നിർദ്ദേശിച്ചു.

ലോക്ക് ഡൗൺ പിൻവലിക്കില്ല

ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമയമായില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ മടിക്കുകയും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ വൈകുകയും ചെയ്ത ബോറിസ് കൊവിഡ് ഭേദമായി ഓഫീസിൽ മടങ്ങിയെത്തിയതോടെയാണ് നിലപാട് മാറ്റിയത്. നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ പാർട്ടി വൃത്തങ്ങൾ ഉൾപ്പെടെ പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കിയെങ്കിലും അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. രാജ്യം അപകടാവസ്ഥയുടെ മൂർദ്ധന്യത്തിലാണെന്നും ഇതുവരെ നൽകിവന്ന സഹകരണം ഇനിയും തുടരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അമേരിക്കയിൽ രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. മരണം അറുപതിനായിരത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെയുള്ള രോഗികളിൽ മൂന്നിലൊന്നും അമേരിക്കയിലാണ്. 1954 മുതൽ 1975 വരെ തുടർന്ന വിയറ്റ്‌നാം യുദ്ധത്തിൽ 58,200 അമേരിക്കക്കാരാണ് കൊല്ലപ്പെട്ടത്. അതിനേക്കാളധികം ജീവനുകൾ കൊവിഡ് കവർന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ആഗസ്റ്റ് ആകുമ്പോഴേക്കും മരണം ലക്ഷത്തിലേക്കെത്തുമെന്നാണ് കണക്കുകൂട്ടൽ.

 അമേരിക്കയിൽ പഗ് ഇനത്തിൽപ്പെട്ട വളർത്തു പട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 ജർമ്മൻ മരുന്ന് കമ്പനി കൊവിഡ് മരുന്നിന്റെ പരീക്ഷണം ആരംഭിച്ചു.

 പോളണ്ടിൽ മേയ് നാല് മുതൽ ഹോട്ടലുകളും മാളുകളും തുറക്കും.

 അസർബയ്ജാൻ മേയ് 31 വരെ അതിർത്തികൾ അടച്ചിടും.

 തുർക്കിയിൽ സ്കൂളുകൾ അടച്ചിടുന്നത് മേയ് അവസാനം വരെ നീട്ടി.

 റഷ്യയിൽ രോഗികൾ ഒരു ലക്ഷത്തിലേക്ക്.

 പാകിസ്ഥാനിൽ പ്രതിദിന മരണം 300ഉം ബ്രസീലിൽ 400ഉം കവിഞ്ഞു.

 ഇറാൻ, അൾജീരിയ എന്നീ രാജ്യങ്ങൾക്ക് ഖത്തർ മെഡിക്കൽ ഉപകരണങ്ങൾ നൽകി.

 ടോക്കിയോയിൽ അടിയന്തരാവസ്ഥ നീട്ടും.

 ചൈനയിൽ 22 പുതിയ കേസുകൾ.

 സൗദിയിൽ ഇന്നലെ മാത്രം 1266 പേർക്കും യു.എ.ഇയിൽ 541 പേർക്കും ഒമാനിൽ 82 പേർക്കും കൊവിഡ് ബാധിച്ചു. കുവൈറ്റിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 152 പേരിൽ 64 പേർ ഇന്ത്യക്കാർ.