un

ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന അമേരിക്കൻ അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ കമ്മിഷൻ (യു.എസ്.സി.ഐ.ആർ.എഫ്) റിപ്പോർട്ട് പക്ഷപാതപരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കമ്മിഷന്റെ പുതിയ റിപ്പോർട്ടിലാണ് ദേശീയ പൗരത്വ നിയമം അടക്കമുള്ള വിഷയങ്ങൾ നിരത്തി ഇന്ത്യയിൽ മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശമുള്ള റിപ്പോർട്ടിൽ ചൈന, പാകിസ്ഥാൻ, വടക്കൻ കൊറിയ, സൗദി അറേബ്യ തുടങ്ങിയ മതസ്വാതന്ത്ര്യം കുറഞ്ഞ 'രണ്ടാം നിര' രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പ് യു.എസ്.സി.ഐ.ആർ.എഫ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു.

റിപ്പോർട്ടിലെ പരാമർശങ്ങൾ പക്ഷപാതപരമാണെന്നും സംഘടനയ്‌ക്ക് മറ്റു താത്പര്യങ്ങളുള്ളതിനാൽ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ഈ സംഘടനയ്‌ക്ക് അധികാരമില്ല.

കമ്മിഷനിലെ പത്ത് അംഗങ്ങളിൽ മൂന്നുപേർ റിപ്പോർട്ടിലെ പരാമർശം കടുത്തുവെന്ന് പറഞ്ഞ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന, വടക്കൻ കൊറിയ തുടങ്ങിയ 'തെമ്മാടി'രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും ഗാരി ബവർ, ജോണി ലീ, തെൻസിൻ ദോർജി എന്നിവർ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന യു.എസ് നിലപാടുമായി യോജിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അവർ വ്യക്തമാക്കുന്നു.

റിപ്പോർട്ടിന്റെ ഉള്ളടക്കം:

പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തിയ കേന്ദ്ര സർക്കാർ ദേശീയ പൗരത്വ നിയമം, മതപരിവർത്തന വിരുദ്ധ നിയമം, ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കൽ നിയമം എന്നിവയിലൂടെ രാജ്യത്ത് മതസ്വാതന്ത്ര്യം തടഞ്ഞത് മുസ്ളീംങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണത്തിന് വഴിതെളിക്കും വിധം പ്രചാരണം നടന്നു.

മതസ്വാതന്ത്ര്യം ഹനിക്കുന്നതിന് ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണം. ദേശീയ പൗരത്വം നിയമം പാസാക്കിയതിനും ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും ഉപരോധം വേണം.