പ്യോങ് യാങ്:- ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ ആരോഗ്യ നിലയെ പറ്റി ചർച്ചകൾ തുടരവേ മറ്റൊരു ചർച്ചയും ലോകമാധ്യമങ്ങളിൽ നടക്കുകയാണ്. ഉത്തരകൊറിയയുടെ ഭാവി ഭരണാധികാരിയായി കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സുങിന്റെ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക മകനായ കിം പ്യോങ് ഇൽ വരുമോ എന്നതാണ് അത്. 1970കളിൽ അർത്ഥ സഹോദരനും പിന്നീട് ഉത്തരകൊറിയയുടെ ഭരണാധികാരിയുമായി മാറിയ കിം ജോങ് ഇലുമായുള്ള അധികാര തർക്കത്തെ തുടർന്ന് ഭരണപരമായ സ്ഥാനങ്ങൾ വഹിക്കാൻ വിദേശത്തേക്ക് മാറ്റപ്പെട്ട കിം പ്യോങ് ഇൽ ഹങ്കറി, ചെക് റിപബ്ളിക്, ബൾഗേറിയ, ഫിൻലന്റ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ താമസ ശേഷം കഴിഞ്ഞ വർഷമാണ് തിരികെയെത്തിയത്. ഇതിന് ശേഷം കിമ്മിന്റെ ഉത്തരവിൽ നിരീക്ഷണത്തിലാണ് ഇദ്ദേഹം.
കിം പ്യോങ് ഇൽ അധികാരത്തിലെത്തണം എന്ന് കരുതുന്ന യാഥാസ്ഥിതിക നേതാക്കന്മാർ ഉത്തരകൊറിയയിലുണ്ട്. ഇതിനു കാരണം നിലവിൽ കിമ്മിനു ശേഷം അധികാരത്തിലേറും എന്ന് പ്രചരിക്കുന്ന സഹോദരി കിം യോ ജുങിനോടുള്ള എതിർപ്പാണ്. വനിതാ ഭരണാധികാരികൾ യാഥാസ്ഥിതിക രാജ്യമായ ഉത്തരകൊറിയക്ക് ഉൾക്കൊള്ളാനാകില്ല എന്നിവർ കരുതുന്നു. എന്നാൽ നിലവിൽ ഉത്തരകൊറിയയിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം കിം പ്യോങ് ഇലിനെ സംബദ്ധിച്ച വാർത്തകൾ പുറന്തള്ളിയിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ ഇന്റലിജൻസ് കമ്മിറ്റി അംഗമായ കിം ബ്യോങ് കി ഇത്തരം സിദ്ധാന്തങ്ങൾ ചിരിച്ച് തള്ളുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.
കിം പ്യോങ് ഇൽ അധികാരത്തിലെത്തിയാൽ നിലവിൽ അധികാര ശ്രേണിയിലുള്ള നിരവധി നേതാക്കൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാൽ അത്ര എളുപ്പമാകില്ല ഇലിന്റെ മടങ്ങിവരവ്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സുങിന്റെ രണ്ടാം ഭാര്യ കിം സോങ് എയുടെ മകനായ കിം പ്യോങ് ഇല്ലിനെ ആ കുടുംബത്തിലെ മുതിർന്ന ഒരംഗം എന്ന നിലയിൽ ഉത്തരകൊറിയയുടെ ഭരണത്തിലെത്താനാകുമോ എന്നത് കാണേണ്ട കാര്യമാണ്.