തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തു പേർക്ക് രോഗം ഭേദമായി. കാസർകോട് മാദ്ധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരില്‍ ആറു പേര്‍ കൊല്ലത്തും രണ്ടു പേര്‍ വീതം തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലുമാണ്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 495 പേർക്ക് രോഗം ബാധിച്ചു.
കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.
ഇതുവരെ 24952 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 23880 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. പുനഃപരിശോധനയ്ക്ക് അയച്ച ഇടുക്കിയിലെ മൂന്ന് പേരുടെ ഉൾപ്പെടെയുള്ള 25 സാംപിളുകളുടെ റിസൾട്ട് വന്നിട്ടില്ല. ഹോട്ട് സപോട്ടിൽ ഇടുക്കി ജില്ലയിലെ വണ്ടിപെരിയാർ കാസർകോട് ജില്ലയിലെ അജാനൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. ഇപ്പോൾ 102 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇതിൽ 28 എണ്ണം കണ്ണൂരിലാണ്. ഇടുക്കിയിൽ 15 ഹോട്ട് സ്പോട്ടുകളുണ്ട്.
തരിശുഭൂമി പൂർണമായി ഉപയോഗപ്പെടുത്തി കൃഷിയിറക്കാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ പദ്ധതി അടുത്തമാസം മുതൽ നടപ്പിൽവരും. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെയാവും ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.