irfan-khan-

ഗോവ, 2012 ലെ രാജ്യാന്തര ചലച്ചിത്രോത്സവം. ആംഗ് ലീ സംവിധാനം ചെയ്ത ' ലൈഫ് ഒഫ് പൈ ' ആയിരുന്നു ഉദ്ഘാടന ചിത്രം. സ്‌ക്രീനിംഗിന്റെ അടുത്തദിവസം നടി തബുവിനോടൊപ്പം പ്രസ് കോൺഫറൻസിൽ പങ്കെടുക്കാൻ വെള്ള ഫുൾക്കൈ ഷർട്ട് കൈമടക്കിവച്ച് ,അലസമായ മുടിയും ചെറിയ താടിയുമായി വന്ന ഇർഫാൻ ഖാന്റെ മുഖം മനസിൽ ഇപ്പോഴുമുണ്ട്. തബുവിന്റെ താരപ്പകിട്ടിലും തിളക്കം നഷ്ടപ്പെടാത്ത ഇർഫൻഖാൻ എന്ന നടനെ മനസിലേക്കടുപ്പിച്ചത് പത്ര സമ്മേളനങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ സരസമായ മറുപടികളായിരുന്നു.

പാൻ ഇന്ത്യൻ നടനായി അതിവേഗം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച ഇർഫാൻ ഖാൻ സ്വാഭാവികമായും തനിക്കരികിലേക്കെത്തിയ ഗ്ലാമറും പ്രശസ്തിയുമൊന്നും തെല്ലും ഉള്ളിലേക്കെടുത്തിരുന്നില്ല.

നസറുദ്ദീൻഷായും ഓംപുരിയുമൊക്കെ സഞ്ചരിച്ച പാതയിലേക്കാണ് നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയിലെ പഠനശേഷം ഇർഫാനും നടന്നടുത്തത്. തീക്ഷ്ണമായ കണ്ണുകളും, അമിതാഭിനയത്തിലേക്ക് തെല്ലും വഴുതിപ്പോകാത്ത മിതത്വമാർന്ന ശൈലിയും പ്രത്യേകതയായ ഇർഫാനിലെ നടനെ വേഗം തിരിച്ചറിഞ്ഞത് ബോളിവുഡായിരുന്നില്ല, മറിച്ച് നടൻമാരായ താര രാജാക്കൻമാർ വാണരുളിയ ഹോളിവുഡ് തന്നെയായിരന്നു.

irfan-khan-

ഇർഫാന് മുമ്പും ലോക സിനിമയിൽ, ഹോളിവുഡിൽ മുഖം കാണിച്ച ഇന്ത്യൻ നടൻമാർ ഉണ്ടായിട്ടുണ്ടെങ്കിലും ഇർഫാനോളം മികച്ച വേഷങ്ങൾ അവരിലാർക്കെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഹിന്ദിയിൽനിന്ന് തന്നിലെ നടന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ അത്യപൂർവ്വമായിട്ടേ ലഭിച്ചിട്ടുള്ളുവെന്ന് തുറന്നു പറയാൻ മടിക്കാത്ത ഇർഫാൻ തനിക്ക് കിട്ടിയ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുകയും ചെയ്തു.

2013 ൽ ഇതെഴുതുന്നയാൾ ഇന്ത്യൻ പനോരമ ജൂറിയിൽ അംഗമായിരിക്കെ നടി പദ്മപ്രിയയും പിൽക്കാലത്ത് അവരുടെ ഭർത്താവായി മാറിയ സുഹൃത്ത് ജാസ്മിൻഷായുമൊത്താണ് ഡൽഹി കൊണാട്ട് പളേസിലെ മൾട്ടിപ്ലക്സിൽവച്ച് 'ലഞ്ച് ബോക്സ്' എന്ന സിനിമ കാണുന്നത്. റിതേഷ് ബാത്ര സംവിധാനം ചെയ്ത ഈ ചിത്രം കാണണമെന്ന് നിർബന്ധിച്ചത് പദ്മപ്രിയയായിരുന്നു. ഇന്ത്യൻ പനോരമയിൽ തിരഞ്ഞെടുക്കാനുള്ള ചിത്രങ്ങളുടെ സെലക്ഷൻ പാനലിൽ 'ലഞ്ച് ബോക്സ്' ഉൾപ്പെട്ടിരുന്നില്ല. ഇന്ത്യയിലൊട്ടാകെ തകർത്തോടിയ ആ ചിത്രം ഒരു എൻട്രിയായി വരാതിരുന്നതെന്താണെന്ന് ഇന്നും മനസിലായിട്ടില്ല.


സാജൻ ഫെർണാണ്ടസിനെ

മറക്കാനാവില്ല

ലഞ്ച് ബോക്സിൽ ഇർഫാൻ അവതരിപ്പിച്ച സാജൻ ഫെർണാണ്ടസ് എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. ഭാര്യ മരിച്ച സാജൻ ഒരു ഓഫീസിലെ ഉദ്യാേഗസ്ഥനാണ്. ബോംബെ ഡാബാവാലകൾ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിന്റെ ലഞ്ച് ബോക്സ് ഒരിക്കൽ മാറിപ്പോവുകയും സാജൻ അതിലൂടെ ഒരു വീട്ടമ്മയുമായി നിശബ്ദമായ അടുപ്പത്തിലാകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എത്ര അനായസമായ അഭിനയശൈലി. നവാസുദ്ദീൻ സിദ്ദിവി എന്ന നടനൊപ്പം അഭിനയിക്കുമ്പോൾ ഇർഫാൻ പുലർത്തിയ നിഷ്‌ക്കളങ്കത്വം വിസ്മയിപ്പിക്കുന്നതായിരുന്നു.കഥാപാത്രത്തെ എത്ര ഗൗരവമായിട്ടാണ് ഒരു നടൻ ഉൾക്കൊള്ളേണ്ടതെന്ന് പുതിയ തലമുറക്കാർക്ക് അതിൽ നിന്ന് പഠിക്കാനാവും.

'

മിയാൻ മഖ്ബൂൽ

ഹിന്ദി സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും ഒരുപോലെ തിളങ്ങിയ നസറുദ്ദിൻഷാ, ഓംപുരി, പങ്കജ് കപൂർ എന്നിവരോടൊപ്പം ഇർഫാൻ അഭിനയിച്ച ചിത്രമാണ് മഖ്ബൂൽ. തബുവായിരുന്നു നായിക. അഭിനയ കലയിലെ ചക്രവർത്തിമാർക്കൊപ്പം അഭിനയിക്കുമ്പോഴും 'മഖ്ബൂൽ' എന്ന ടൈറ്റിൽ വേഷം ഇർഫാനിൽ ഭദ്രമായിരുന്നു. വിശാൽ ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്തത്.


ഹോളിവുഡ്ഡിൽ

ലൈഫ് ഒഫ് പൈ, അമേസിംഗ് സ്‌പെഡർമാൻ ടോംഹാങ്ക്സിനൊപ്പം ഇൻഫർനോ, ജുറാസിക് വേൾഡ് തുടങ്ങി എത്രയെത്ര ഹോളിവുഡ്ഡ് ചിത്രങ്ങൾ. ഇർഫാൻ സെറ്റിൽ വരുമ്പോൾ തനിക്ക് ഉത്ക്കണ്ഠ കൂടുമെന്നാണ് ടോംഹാങ്ക്സ് ആ അഭിനയ മികവിനെ പ്രശംസിച്ച് സംസാരിച്ചത്.


വ്യത്യസ്ഥ കഥാപാത്രങ്ങൾ

7 ഖൂൻ മാഫ്, വാരിയർ, പികു, ലൈഫ് ഇൻ എ മെട്രോ തുടങ്ങി എത്രയെത്ര ചിത്രങ്ങൾ. ഇർഫാന്റെ മടക്കം അതിവേഗത്തിലായിപ്പോയി.


സ്വയം കണ്ടുപഠിക്കുക

അഭിനയിക്കുമ്പോൾ സ്വയം കണ്ടുപഠിക്കാനാണ് അഭിനേതാക്കൾ ശ്രമിക്കേണ്ടതെന്ന് ഒരഭിമുഖത്തിൽ ഇർഫാൻ പറഞ്ഞതോർക്കുന്നു. മറ്റുള്ളവരെ അനുകരിക്കരുത്. തുടക്കത്തിൽ നടൻ മിഥുൻ ചക്രവർത്തിയുടെ ഛായ തനിക്കുണ്ടെന്ന് പറഞ്ഞുകേട്ടപ്പോൾ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചു. എന്നാൽ ആരെയും അനുകരിക്കരുതെന്ന് അനുഭവം പഠിപ്പിച്ചു. നമ്മൾ നമ്മളുടേതായ വൈശിഷ്ട്യം കണ്ടെത്തണം. അത് നമ്മുടെ യു.എസ്.പി ആക്കി മാറ്റണം.


ഹിന്ദി സിനിമ

നല്ല കഥാപാത്രങ്ങളെ

തന്നില്ല

ഹിന്ദിസിനിമയിൽനിന്ന് നടനെന്നനിലയിൽ തനിക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ചിത്രങ്ങൾ വളരെക്കുറച്ചുമാത്രമേ ലഭിച്ചിട്ടുവെന്ന് ഇർഫാൻ പറഞ്ഞത് വിവാദമായിരുന്നു. ഫോർമുല ചിത്രങ്ങളിൽ അഭിനയിച്ച് സമയം കളഞ്ഞുവെന്നായിരുന്നു ഇർഫാന്റെ പരിഹാസം.


അവസരം കാത്തിരുന്നിട്ടുണ്ട്

അവസരങ്ങൾക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് ഇർഫാൻ പറഞ്ഞിട്ടുണ്ട്. ആദ്യചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായകർ അവർ എസ്റ്റാബ്ളിഷ് ചെയ്തപ്പോൾ അവഗണിച്ചിട്ടുണ്ട്. വില്ലൻ വേഷം പോരെയെന്ന് ചോദിച്ചിട്ടുണ്ട്. വൻ ബഡ്ജറ്റുള്ള ചിത്രത്തിൽ തന്നെ എങ്ങനെ അഭിനയിപ്പിക്കുമെന്നായിരുന്നു ചിലരുടെ ഉത്ക്കണ്ഠ. പക്ഷേ കാലാന്തരത്തിൽ ആയിരക്കണക്കിന് കോടി ബഡ്ജറ്റുള്ള ചിത്രത്തിൽ പോലും അഭിനയിക്കാൻ ഇർഫാന് അവസരം ലഭിച്ചു.


വിരസത

അകറ്റാൻ

അഭിനയം തന്റെ ബോറടിമാറ്റാനായിരുന്നുവെന്ന് ഇർഫാൻ പറഞ്ഞിട്ടുണ്ട്. അന്തർമുഖനായിരുന്നു .ഏഴാമത്തെ വയസിൽ വീടിന്റെ ടെറസിൽ പട്ടം പറത്താൻ പോയപ്പോൾ താഴെ വീണ് കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഏഴുവർഷം വേണ്ടിവന്നു സാധാരണ നിലയിലെത്താൻ.

ഞാൻ ഒരു വലിയ നടനാണെന്ന് സ്വയം ചിന്തിച്ചിട്ടില്ല. ചില അതുല്യനടൻമാർ സൃഷ്ടിച്ച ഗോൾ പോസ്റ്റുകൾ കണ്ട് അതിനരികിലേക്ക് എത്തിച്ചേരാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും പൊരുതുന്നു.


ജീവിതത്തിന്റെ

മധുരം

രോഗം തിരിച്ചറിഞ്ഞപ്പോൾ കീഴടങ്ങിയെന്ന് ഞാൻ മനസിലാക്കിയിരുന്നു. വിശ്വസിച്ചിരുന്നു.അപ്പോഴേക്കും കാലം മുമ്പോട്ടു സഞ്ചരിച്ചുതുടങ്ങിയിരുന്നു രോഗത്തിനൊപ്പം . പക്ഷേ ജീവിതത്തിന്റെ മധുരം കൂടിക്കൂടിവരികയായിരുന്നു.

47ാമത്തെ വയസിൽ വിടപറഞ്ഞ നടൻ സൻജീവ് കുമാറിനെപ്പോലെ ഷാബ്സാദ ഇർഫാൻ അലിഖാൻ 53ാം വയസിൽ വിടപറഞ്ഞിരിക്കുന്നു. ഇനിയും കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ടായിരന്നു. സാജൻ ഫെർണാണ്ടസിനെപ്പോലെ മുതിർന്ന പൈയെപ്പോലെ , മിയാൻ മഖ്ബൂലിനെപ്പോലെ വിസ്മയിക്കുന്ന വേഷങ്ങൾ. അഭിനയത്തിന്റെ ഇരിപ്പിടം തനിക്ക് പൂർണമായി ചേർന്നിരുന്നില്ലെന്ന് ഇർഫാൻ പറഞ്ഞതോർക്കുന്നു. എന്നാൽ പ്രേക്ഷക മനസിൽ സ്ഥായിയായ ഇരിപ്പിടം നേടിക്കൊണ്ടാണ് നടൻ യാത്രയാകുന്നത്.