വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററിൽ അൺഫോളോ ചെയ്തു. മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്തത് നേരത്തെ വലിയ വാർത്തയായിരുന്നു. എന്നാൽ ഫോളോ ചെയ്ത് മൂന്ന് ആഴ്ചകൾക്കകമാണ് മോദിയെ വൈറ്റ്ഹൗസ് അൺഫോളോ ചെയ്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് കൂടാതെ സ്വകാര്യ അക്കൗണ്ടും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്കു പിന്നാലെ ഇന്ത്യയിലെ യു.എസ് എംബസി, യു.എസിലെ ഇന്ത്യൻ എംബസി, രാഷ്ട്രപതിയുടെ ഔദ്യോഗിക പേജ് എന്നിവയും വൈറ്റ്ഹൗസ് ഫോളോ ചെയ്തിരുന്നു. അതെല്ലാം ഇപ്പോൾ അൺഫോളോ ചെയ്തിരിക്കയാണ്. കൊവിഡ് ചികിത്സയ്ക്ക് മരുന്നു നൽകണമെന്ന യു.എസിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യാൻ തുടങ്ങിയത്. അപൂർവമായേ വൈറ്റ്ഹൗസ് മറ്റ് രാജ്യങ്ങളിലെ നേതാക്കളെ ഫോളോ ചെയ്യാറുള്ളൂ. ഇപ്പോൾ വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ൽനിന്ന് 13 ആയി കുറഞ്ഞു. 21 ദശലക്ഷം ഫോളോവേഴ്സാണ് വൈറ്റ്ഹൗസ് ട്വിറ്റർ അക്കൗണ്ടിനുള്ളത്.