ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ മന്ത്രിക്കും യു.ഡി.എഫ് എം.എല്‍.എയ്ക്കും രണ്ട് നീതിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. എക്‌സൈസിനെ കണ്ട് ഭയന്നോടിയ ആര്യനാട് ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജേന്ദ്രന്‍ കാണി മരിക്കാനിടയായ സംഭവത്തിൽ കാരണക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച എം.എല്‍.എ കെ.എസ്.ശബരീനാഥനും നാട്ടുകാര്‍ക്കുമെതിരെ കേസെടുത്ത പൊലീസ് പോത്തന്‍കോട് യു.പി. സ്‌കൂളിലെ ചടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലന്ന് അദേഹം ചോദിച്ചു.
ജനകീയ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ച യു.ഡി.എഫ് എം.എല്‍.എക്കെതിരെ കേസും, വൃത്തികെട്ട രാഷ്ട്രീയ നാടകം നടത്തിയ മന്ത്രിയ്ക്ക് സുരക്ഷയും ഒരുക്കുകയാണ് പിണറായി വിജയന്റെ പൊലീസെന്നും സുരേഷ് ആരോപിച്ചു.
എം.എല്‍.എക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് സുരേഷ് പറഞ്ഞു.
രാജേന്ദ്രന്‍ കാണിയുടെ മരണത്തിന് ഉത്തരവാദികാളായ പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എം.എല്‍.എയ്ക്കും, പൊതു പ്രവർത്തകർക്കും, നാട്ടുകാര്‍ക്കുമെതിരായ പൊലീസിന്റെയും എക്‌സൈസിന്റെയും പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും മണക്കാട് സുരേഷ് ആവശ്യപ്പെട്ടു.