madhu

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ചികിത്സാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് മെച്ചപ്പെട്ട ആരോഗ്യരക്ഷാ സൗകര്യങ്ങൾ കൈയെത്തും ദൂരത്ത് ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാരഥിയായ വി.കെ.മധുവും. ജില്ലാ പഞ്ചായത്തിലെ 73 ഗ്രാമ പഞ്ചായത്തുകളിലുൾപ്പെട്ട ജനങ്ങൾക്കായി അത്യാധുനിക നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളാണ് കോടികൾ മുതൽമുടക്കി സജ്ജമാക്കിവരുന്നത്. നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല എന്നീ ജില്ലാ ആശുപത്രികളിലും മലയോര- ആദിവാസി മേഖലയായ വിതുര താലൂക്ക് ആശുപത്രിയിലും കോടികളുടെ പദ്ധതികളാണ് യാഥാർത്ഥ്യമാകുന്നത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മൂന്ന് കോടി രൂപ മുടക്കി പുതിയ അത്യാഹിത വിഭാഗം ഉൾപ്പടെയുള്ളവയ്ക്കായി മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. മെയിൻ റോഡിനോടു ചേർന്നാണ് പുതിയ അത്യഹിത വിഭാഗവും ഒബ്‌സർവേഷൻ വാർഡും. ഇതേ കെട്ടിടത്തിൽ ഐ.സി.യു വിഭാഗവും ലാബുകളും സജ്ജമാക്കും. ഒരു നില മുഴുവനായി പേവാർഡ് സജ്ജീകരിക്കും. വർക്കല ആയുർവേദ ആശുപത്രിയിൽ മൂന്നു കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങളുള്ള മൂന്നു നില മന്ദിരം പണി ആരംഭിച്ചു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പേരൂർക്കട മാതൃകാ ആശുപത്രിയിലും ഐ.സി.യു വിഭാഗം ആരംഭിക്കും.


വിതുര താലൂക്ക് ആശുപത്രിയിൽ

 അത്യാധുനിക സൗകര്യങ്ങളോടെ മൂന്നുനില കെട്ടിടത്തിന് 3 കോടി
 ഡയാലിസിസ് യൂണിറ്റ് , മിനി ഓപ്പറേഷൻ തിയേറ്റർ, പേവാർഡ്
 ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, പാലിയേറ്റീവ് കെയർ യൂണിറ്റ്

 ഇമ്യൂണൈസേഷൻ വാർഡ്, മോർച്ചറിയും ശീതീകരണ യന്ത്രങ്ങളും

ആശ്വാസമായി 'ആശ്വാസ്' പദ്ധതി

ഡയാലിസിസ് രോഗികൾക്കായി രണ്ടു കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന പദ്ധതിയാണ് ആശ്വാസ്. വൃക്ക രോഗികൾക്ക് ഡയാലിസിസ് സൗജന്യമായാണ് ഈ പദ്ധതിയിലൂടെ നൽകുക.1420 രൂപ വരെ ചെലവുള്ള ഡയാലിസിസ്‌ പൂർണമായും സൗജന്യമാകും. നെടുമങ്ങാട്, നെയ്യാറ്റിൻകര ആശുപത്രികളിൽ ഡയാലിസിസ് സൗജന്യമായി നടത്താനാകും. സ്വകാര്യ ആശുപത്രികളിലാണെങ്കിൽ ഒരു വർഷം നടത്തിയ ഡയാലിസിസുകളുടെ എണ്ണമനുസരിച്ചുള്ള തുക അതത് ആശുപത്രികൾക്ക് നൽകും.ഇതിനായി പ്രത്യേക ചികിത്സാ കാർഡ് നൽകും. വൃക്ക,കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കഴിഞ്ഞവർക്ക് ഓരോ മാസവും 5000 രൂപയുടെ മരുന്ന് സ്നേഹം പാലിയേറ്റീവ് മെഡിക്കൽ സർവീസ് സൊസൈറ്റിയിലൂടെ സൗജന്യമായി നൽകും.

കൊവിഡ് കാലത്തെ പ്രതിരോധ മാതൃക

 ഗ്രാമീണമേഖലയിലെ ആയിരത്തോളം സർക്കാർ ഓഫീസുകളിൽ ബ്രേക്ക് ദ ചെയിൻ കിയോസ്‌ക്

 ഒരു ലക്ഷത്തോളം മാസ്‌കുകളും സാനിറ്റൈസറുകളും സംഭരിച്ച് വിതരണം നടത്തി
 നെടുമങ്ങാട്, നെയ്യാറ്റിൻകര ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ

 73 ഗ്രാമപഞ്ചായത്തുകളിലായി 81 കമ്മ്യൂണിറ്റി കിച്ചണുകൾ

 പാഥേയം പദ്ധതിയിൽ ഉൾപ്പെടുത്തി 6500 പേർക്ക് ദിവസവും പൊതിച്ചോറ്

 12 പഞ്ചായത്തിലെ 206 ആദിവാസി ഊരുകളിൽ ഭക്ഷ്യകിറ്റുകളും മരുന്നും

 ജില്ലയിലെ മുഴുവൻ വീടുകളിലും നൽകാനായി ഹോമിയോ മരുന്ന് വിതരണത്തിന് 3 ലക്ഷം

മറ്റു പ്രവർത്തനങ്ങൾ
 പെരിങ്ങമ്മലയിൽ 3.5 കോടി ചെലവിൽ ഹൈടെക് സ്പോർട്സ് ഹബ് പണി പൂർത്തിയായി
 പള്ളിക്കൽ പഞ്ചായത്തിൽ ആധുനിക നിലവാരത്തിൽ സ്പോർട്സ് ഹബ്
 വിതുര വി.ആൻഡ് എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാൻ 8 കോടി മുടക്കി പണിപൂർത്തിയാക്കി
 കരവാരം പഞ്ചായത്തിൽ സ്പോർട്സ് ഹബ്
 വിതുര പി.ടി.ഉഷ സ്റ്റേഡിയം ആധുനികവത്കരിക്കാൻ 1.5 കോടിയുടെ പദ്ധതി
 പെരിങ്ങമ്മലയിലും കല്ലറയിലും 2 കോടി ചെലവിൽ ശാന്തി കുടീരം പൊതുശ്മശാനം
 ജില്ലയിൽ 10 കേന്ദ്രങ്ങളിൽ ദീർഘദൂര യാത്രികരെ ഉദ്ദേശിച്ച് അത്യാധുനിക പബ്ലിക് അമെനിറ്റി സെന്റർ - വഴിയമ്പലം
 1998 ലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വിതുര തലത്തൂതക്കാവിൽ പുതിയ പാലം
 50 സ്‌കൂളുകളിൽ ഹൈടെക്ക് ഗേൾസ് അമിനിറ്റി സെന്റർ
 ജില്ലയിലെ 50 ലൈബ്രറികൾക്ക് പുതിയ കെട്ടിടം
 67 സ്‌കൂളുകളിലെ വികസനത്തിനായി 100 കോടിയുടെ പദ്ധതി

പുരസ്‌കാര നിറവിൽ ജില്ലാ പഞ്ചായത്ത്

ജില്ലാപഞ്ചായത്തിന്റെ ചരിത്രത്തിൽ അന്തർദേശീയ, ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ കാലയളവാണ് വി.കെ.മധുവിന്റെ നേതൃത്വത്തിൽ നിലവിലെ ഭരണസമിതി നേടിയത്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി തയ്യാറാക്കിയ 'രക്ഷ' കരാട്ടെ പരിശീലന പദ്ധതി അന്തർദേശീയ നിലവാരത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്. 6000 പെൺകുട്ടികൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടെ പ്രദർശനത്തിലൂടെ ഗിന്നസ് റെക്കോർഡ്സിൽ ജില്ലാ പഞ്ചായത്ത് ഇടം നേടി.

1917 -18, 1918-19 വർഷങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡായ സ്വരാജ് ട്രോഫി നേടി. 1918-19 വർഷത്തിൽ രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാദ്ധ്യായ ശാക്തീകരൺ ദേശീയ പുരസ്‌കാരം ലഭിച്ചു. 1918-19 വർഷം ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്കുള്ള പ്രഥമ പ്രതിഭാ പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നേടിയിരുന്നു.

ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്. സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ കിട്ടുന്ന സൗകര്യങ്ങൾ താലൂക്ക് ആസ്ഥാനത്തെ ആശുപത്രികളിൽ ലഭ്യമാക്കാനാണ് ശ്രമം.

വി.കെ.മധു ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്