തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവ് നൽകിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം പ്രതികരിച്ചത്.
"വിവരമില്ലാത്ത ഒരു പ്രതികരണമാണത്. ഒരു കേന്ദ്ര മന്ത്രിസ്ഥാനത്തിന് ചേർന്ന പ്രതികരണമല്ല. എവിടെ ആലോചിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. സാധാരണഗതിയിൽ സംസ്ഥാനത്ത ആലോചിക്കാനുള്ള സംവിധാനമുണ്ട് ആ ആലോചനയുടെ ഭാഗമായിട്ട് തന്നെയാണ് അങ്ങനെ ഒരു നിലപാടെടുത്തത്. വലിയ തോതിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണുണ്ടായത്. ഈ വിഷയത്തിൽ ശുദ്ധ വിവരക്കേടാണ് അദ്ദേഹത്തിന്റെ നിലപാട്.
ഗ്രീന്‍ സോണാക്കി പ്രഖ്യാപിച്ച് ജാഗ്രതക്കുറവ് കാട്ടിയതാണ് കോട്ടയത്തും ഇടുക്കിയിലും രോഗവ്യാപനത്തിനിടയാക്കിയെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമർശനം. ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.