കോഴിക്കോട്: ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് രോഗികളുടെ വിവരങ്ങൾ പുറത്തായതായും രോഗികളുടെ ആരോഗ്യ വിവരങ്ങൾ സംസ്ഥാന സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്‌ണൻ ആരോപിച്ചു.
ആശുപത്രിയിൽ പോകാതെ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ സർക്കാർ ഒരുക്കിയ ഓൺലൈൻ സംവിധാനം ആയ ക്വിക് ഡോക്ടറിൽ നിന്നുമാണ് വിവരങ്ങൾ ചോർന്നത്. രോഗികളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കും എന്ന് സർക്കാരും ക്വിക് ഡോക്ടർ എന്ന സ്റ്റാർട്ട് അപ് സംരഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു . എന്നാൽ വിവരങ്ങൾ പൂർണ്ണമായും ചോർന്നുവെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇവരുടെ വിവരങ്ങൾ നിലവിൽ ആർക്ക് വേണമെങ്കിലും ലഭ്യമാണെന്ന് പ്രഫുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ മെഡിക്കൽ കമ്പനികൾ അടക്കം ശേഖരിക്കുന്നുവെന്ന വസ്തുതകൾ നില നിൽക്കെയാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ആരോപണങ്ങൾ ഉയരുന്നത് .
സർക്കാർ ക്വിക് ഡോക്ടർ ഹെൽത്ത് കെയർ എന്ന സ്വകാര്യ സ്റ്റാർട്ട്അപ്പുമായി ചേർന്ന് നടത്തിയ ഇടപാട് ദുരൂഹമാണ്. ടെലി മെഡിസിൻ ഉപയോഗപ്പെടുത്തുന്നവരുടെ സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റിൽ പരസ്യമാണ്. ഡേറ്റ സൂക്ഷിക്കുന്നത് സർക്കാർ സെർവറിലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിക്ക് കരാർ കൈമാറിയത് തന്നെ വൻ ഡേറ്റാ തട്ടിപ്പ് നടത്താനാണ്. ക്വിക് ഡോക്ടർ സേവനം ഉപയോഗപ്പെടുത്തിയ ആയിരക്കണക്കിന് മലയാളികളുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.