തിരുവനന്തപുരം: പ്രമുഖ ആയുർവേദ സ്ഥാപനമായ പങ്കജകസ്‌തൂരി ഹെർബൽ റിസർച്ച് ഫൗണ്ടേഷൻ വികസിപ്പിച്ച സിഞ്ചിവീർ - എച്ച് എന്ന ആയുർവേദ ഔഷധത്തിന് ഐ.സി.എം.ആറിന് കീഴിലുള്ള ക്ളിനിക്കൽ ട്രയൽ രജിസ്‌ട്രി ഒഫ് ഇന്ത്യയുടെ (സി.ടി.ആർ.ഐ) പരീക്ഷണാനുമതി ലഭിച്ചുവെന്ന് ഉത്പന്നത്തിന്റെ ഉപജ്ഞാതാവും പങ്കജകസ്‌തൂരി സ്ഥാപകനുമായ ഡോ.ജെ. ഹരീന്ദ്രൻ നായർ പറഞ്ഞു.
പകർച്ചപ്പനികൾ, അക്യൂട്ട് വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയവയ്ക്ക് ഫലപ്രദമായ സിഞ്ചിവീർ - എച്ച്, റെസ്പിറേറ്ററി സിൻസിഷിയർ വൈറസ്, ഇൻഫ്ളുവൻസ വൈറസ് എന്നിവയ്ക്കും ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഇൻവിട്രോ പരീക്ഷണങ്ങളിൽ ഇൗ ഗുളിക മനുഷ്യരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ലെന്നും തെളിഞ്ഞു. ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റികളുടെ അംഗീകാരവും ലഭിച്ചു. തുടർന്നാണ്, സി.ടി.ആർ.ഐ വിവിധ മെഡിക്കൽ കോളേജുകളിൽ ക്ളിനിക്കൽ ട്രയലിന് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 ബാധിച്ച് രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ചികിത്സയിൽ കഴിയുന്നവരിൽ സിഞ്ചിവീർ-എച്ച് ഗുളിക നൽകിയാണ് ഗുണപരിശോധനയും ഫലപ്രാപ്‌തിയും ഉറപ്പുവരുത്തുന്നത്. മേയ് രണ്ടാംവാരത്തോടെ ആദ്യഫലങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.