ppe-kit

തിരുപ്പൂർ: ഇന്ത്യയുടെ വസ്ത്ര നിർമ്മാണ ഹബ് എന്നാണ് തിരുപ്പൂർ നഗരം അറിയപ്പെടുന്നത്. പ്രതിവർഷം വസ്ത്ര വ്യാപാരത്തിലൂടെ കോടികളുടെ വരുമാനമുണ്ടാക്കുന്ന ഇവിടങ്ങളിലെ കമ്പനികൾ എന്നാൽ കൊവിഡ് രോഗ വ്യാപനം മൂലം ഇപ്പോൾ കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാറുള്ള വസ്ത്രങ്ങൾ ആ രാജ്യങ്ങളിലെ വ്യാപാരശാലകൾ സ്തംഭിച്ചതോടെ സംഭരണശാലകളിൽ കെട്ടിക്കിടക്കുകയാണ്.

'നിലവിൽ തിരുപ്പൂരിലെ അവസ്ഥ വൻ തകർച്ചയുടേതാണ്. അമേരിക്കയും യൂറോപ്പും പോലെയുള്ള നാടുകളിലേക്ക് വസ്ത്രങ്ങൾ കയറ്റിയയക്കാനാകാതെ ഏകദേശം 9000കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.' തിരുപ്പൂരെ കയറ്റുമതി അസോസിയേഷന്റെ അധ്യക്ഷനായ രാജ.എൻ.ഷൺമുഖം പറയുന്നു. ശ്രീലങ്ക, വിയറ്റ്നാം,ബംഗ്ളാദേശ്, കമ്പോഡിയ എന്നീ രാജ്യങ്ങളുമായി വ്യാപാരത്തിൽ മത്സരിച്ചിരുന്ന തിരുപ്പൂരെ വസ്ത്രവ്യാപാരം കൊവിഡ് ബാധ മൂലം നട്ടംതിരിയുകയാണ്.

ബുദ്ധിമുട്ടുകളേറെയുണ്ടെങ്കിലും നാട്ടിലെ കൊവിഡ് രോഗ ബാധയെ അകറ്റാൻ ഒരു സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവിടുത്തെ നൂറ്റി അൻപതോളം കമ്പനികൾ. നല്ല നിലവാരത്തിലുള്ള കൊവിഡ് പ്രതിരോധ മാസ്കും സുരക്ഷാ കിറ്റും ഇവർ നിർമ്മാണം തുടങ്ങി കഴിഞ്ഞു. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ സുരക്ഷാ കിറ്റിന് 1500 രൂപയോളം വിലനൽകണം. എന്നാൽ തിരുപ്പൂരിൽ നിർമ്മിക്കുന്ന കിറ്റുകൾക്കാകട്ടെ 700 രൂപയോളം മാത്രമാണ് ഉയർന്ന വില വരിക. രാജ്യമാകെ സുരക്ഷാ കിറ്റ് വിതരണം ചെയ്യാനുള്ള പ്രാപ്തി തിരുപ്പൂരെ വസ്ത്ര കമ്പനികൾക്ക് ഉണ്ട്.

വസ്ത്ര നിർമ്മാണ സാമഗ്രികൾക്കും അവയുടെ മെച്ചപ്പെട്ട വിതരണത്തിനും ബുദ്ധിമുട്ടുള്ള ഈ സമയത്താണ് ഇതെന്നത് ശ്രദ്ധേയമാണ്. നിലവിൽ മെഡിക്കൽ കിറ്റുകൾ നിർമ്മിക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും സർക്കാർ ശരിയായ ശ്രദ്ധ പതിപ്പിച്ചാൽ തിരുപ്പൂരിലെ വസ്ത്ര വ്യാപാരികൾക്ക് ഈ രംഗത്തും ഭാവിയിൽ നന്നായി തിളങ്ങാനാകുമെന്നത് പ്രതീക്ഷയേകുന്ന കാര്യമാണ്.