അമരാവതി: കൊവിഡ് വൈറസ് ബാധ മൂലം മരിച്ചവരുടെ മരണകാരണം കണ്ടെത്തുന്നതിന് എല്ലാ കേസ് രേഖകളും പരിശോധിക്കുന്നതിനായി ഒൻപത് അംഗ സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റി ആന്ധ്ര സർക്കാർ രൂപീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന സമിതി മരണകാരണം തിരിച്ചറിയാൻ കൂടുതൽ അന്വേഷണം നടത്തി പോസ്റ്റുമാർട്ടം പരിശോധിക്കാൻ സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കെ.എസ്. ജവഹർ റെഡ്ഡി ഉത്തരവിൽ പറഞ്ഞു.
കൊവിഡ് ബാധ സംബന്ധിച്ചു നിലവിലെ സാഹചര്യം വിശകലനം ചെയ്യുന്നതിനും ഭാവിയിലെ നടപടികൾ പ്രവചിക്കുന്നതിനും അതനുസരിച്ചു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനും സമിതി സഹായിക്കുമെന്ന് സ്പെഷ്യൽ ചീഫ് സെക്രട്ടറി പറഞ്ഞു. കൊവിഡ് -19 നുള്ള സംസ്ഥാന നോഡൽ അതോറിറ്റിക്കും ആരോഗ്യ കുടുംബക്ഷേമ കമ്മിഷണർക്കും സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ആന്ധ്രയിൽ 31 പേർ കൊവിഡ് വൈറസ് ബാധിച്ച് മരിച്ചു. ഭൂരിഭാഗം കേസുകളിലും ആസ്ത്മ, രക്താതിമർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുണ്ടായിരുന്നു. മരണനിരക്ക് മൊത്തം കേസുകളിൽ 2.46 ശതമാനമാണ്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് 1,259 കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 970 പേർ ചികിത്സയിലാണ്.