ലക്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ മയക്കുമരുന്നിന് അടിമയായ യുവാവ്, ക്ഷേത്രത്തിൽ കയറി രണ്ട് സന്യാസിമാരെ വെട്ടികൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ തർക്കത്തിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
'നിങ്ങൾ മഹാരാഷ്ട്രയിലെ കാര്യങ്ങൾ നോക്കൂ, ഉത്തർ പ്രദേശിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടെന്നായിരുന്നു' യോഗിയുടെ ട്വീറ്റ്.
കൊലപാതകം വർഗീയവത്കരിക്കരുതെന്ന് ഉപദേശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ, സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്തും ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയപ്പോൾ യോഗിയും ഇതേ കാര്യം പറഞ്ഞിരുന്നു.
'സഞ്ജയ് റാവുത്ത് ഇത്തരം ആശയപരമായ വീക്ഷണങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്? പാൽഘറിൽ രണ്ടു സന്യാസിമാരെ കൊന്നൊടുക്കിയതുമായി ബന്ധപ്പെട്ടുള്ള ആശങ്കയെയാണ് നിങ്ങൾ രാഷ്ട്രീയവത്കരിച്ചുവെന്ന് പറയുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ മാറിയ രാഷ്ട്രീയ നിറങ്ങളുടെ പ്രതിഫലനമാണ്. യു.പിയിൽ നിയമവാഴ്ചയുണ്ട്. നിയമം ലംഘിക്കുന്നവരുടെ കാര്യത്തിൽ ഇത് കർശനമായി ഇടപെടും. ബുലന്ദ്ഷഹർ കൊലപാതകത്തിൽ പെട്ടെന്നാണ് നടപടിയെടുത്തത്. കുറ്റവാളികൾ മണിക്കൂറുകൾക്കകം പിടിക്കപ്പെടുകയും ചെയ്തു. നിങ്ങൾ മഹാരാഷ്ട്രയിലെ കാര്യങ്ങൾ നോക്കൂ. യു.പിയെക്കുറിച്ച് വിഷമിക്കേണ്ട.' യോഗി പറഞ്ഞു.