വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ വസതിയായ വാഷിംഗ്ടൺ ഡി.സിയിലെ വൈറ്റ് ഹൗസിന്റെ ട്വിറ്റർ ഹാൻഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും ട്വിറ്ററിൽ 'അൺഫോളോ' ചെയ്തു. മൂന്ന് ആഴ്ചകൾക്ക് മുൻപാണ് പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസ് ട്വിറ്ററിൽ ഫോളോ ചെയ്യാൻ ആരംഭിക്കുന്നത്. ട്വിറ്ററിൽ നിന്നും ഒഴിവാക്കുന്നത് വരെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക ലോകനേതാവ് നരേന്ദ്ര മോദിയായിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം ഇന്ത്യൻ എംബസ്സിയെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ ഒഴിവാക്കിയിട്ടുണ്ട്.
പതിവിൽ നിന്നും വിരുദ്ധമായി ഒരു രാജ്യത്തിന്റെ നേതാവിനെ വൈറ്റ് ഹൗസ് 'ഫോളോ' ചെയ്യാൻ ആരംഭിച്ചത് ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള ചങ്ങാത്തത്തിന്റെയും സഹകരണത്തിന്റെയും പ്രതിഫലനമായി രാഷ്ട്രീയ നിരീക്ഷകർ പരിഗണിച്ചിരുന്നു. ഇതോടൊപ്പം 19 ഇന്ത്യ ട്വിറ്റർ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് ഫോളോ ചെയ്യാൻ ആരംഭിച്ചിരുന്നു. പിന്നെ പെട്ടെന്ന് എന്തുകൊണ്ടാണ് വൈറ്റ് ഹൗസ് ഈ തീരുമാനം മാറ്റിയതെന്ന ചോദ്യമാണ് അവരെ കുഴയ്ക്കുന്നത്. നിലവിൽ 13 ഇന്ത്യൻ ട്വിറ്റർ അക്കൗണ്ടുകളെ മാത്രമാണ് വൈറ്റ് ഹൗസ് ട്വിറ്റർ ഹാൻഡിൽ ഫോളോ ചെയ്യുന്നത്.
അടുത്തിടെ മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ളോറോക്വിന്നിന്റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ നേരിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കൊവിഡ് ചികിത്സയ്ക്കായി മരുന്ന് കയറ്റിയയക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിയോട് ഹൈഡ്രോക്സിക്ളോറോക്വിൻ കയറ്റിയയച്ചുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയുടെ നടപടിയോട് അമേരിക്ക അനുകൂലമായി പ്രതികരിക്കുകയും ഇത് സംബന്ധിച്ച പ്രശ്നങ്ങൾ ഉടനടി പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. ശേഷമാണ് ഇങ്ങനെയൊരു നടപടി അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.