covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 31787 ആയി. രോഗം പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്. രോഗം മൂലം ഇതുവരെ ഇന്ത്യയിൽ 1008 പേരാണ് മരണമടഞ്ഞതെന്നാണ് വിവരം. 24 മണിക്കൂറിനിടെ 1813 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ 71 പേർ മരണമടഞ്ഞിട്ടുമുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 22982 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി നിലവിൽ ചികത്സയിലാണ്.

കേന്ദ്ര സർക്കാർ നൽകുന്ന കണക്ക് പ്രകാരം 7797 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി. കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത്‌ 11.3 ദിവസമായി ഉയർന്നു. ലോകമാകമാനമായി മരണനിരക്ക് ഏഴു ശതമാനമാണ് നിലവിൽ. എന്നാൽ ഇന്ത്യയിൽ ഇത് 3 ശതമാനം മാത്രമാണ്. അദ്ദേഹം പറഞ്ഞു.

മരിച്ചവരിൽ 86 ശതമാനം പേരെയും മറ്റു ഗുരുതര രോഗങ്ങൾ അലട്ടിയിരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഇപ്പോൾ 0.33 ശതമാനം രോഗികൾ മാത്രമാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നത്. 2.34 ശതമാനം പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. മികച്ച ആരോഗ്യപരിചരണത്തിന്റെ പ്രതിഫലനമാണിത്‌. ഹർഷവർദ്ധൻ പറഞ്ഞു.