irfan-khan

മുംബയ്: ആഴവും മിതത്വവുമുള്ള അഭിനയ ശൈലി കൊണ്ട് ഹിന്ദി സിനിമയിലും ഹോളിവുഡിലും പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ പ്രശസ്‌ത നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു.

മുംബയിലെ കോകിലാബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. വൻകുടലിലെ അണുബാധയെ തുടർന്ന്

ചൊവ്വാഴ്ച അദ്ദേഹത്തെ ഐ. സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ സുതാപ സിക്ദറും പുത്രന്മാരായ ബാബിലും അയാനും അന്ത്യസമയത്ത് അടുത്തുണ്ടായിരുന്ന.

മുംബയിലെ വെർസോവ ഖബർസ്ഥാനിൽ ഇന്നലെ മൂന്ന് മണിക്ക് ഭൗതിക ദേഹം കബറടക്കി. ലോക്ഡൗൺ കാരണം ഉറ്റബന്ധുക്കൾ ഉൾപ്പെടെ ഏതാനും പേർ മാത്രമാണ് അന്ത്യ കർമ്മങ്ങളിൽ പങ്കെടുത്തത്.

രണ്ട് വർഷത്തോളമായി ഇ‍ഫാൻ ഖാൻ അപൂർവമായ കാൻസറിന് ചികിത്സയിലായിരുന്നു. 2018ലാണ് അദ്ദേഹത്തിന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ആണെന്ന്കണ്ടെത്തിയത്. തുടർന്ന് വിദേശത്ത് ചികിത്സ തേടിയ ഇ‍ർഫാൻ തിരിച്ചെത്തിയ ശേഷം വീണ്ടും അഭിനയത്തിൽ സജീവമായി വരികയായിരുന്നു. അംഗ്രേസി മീഡിയം എന്ന പുതിയ സിനിമ അടുത്തിടെ റിലീസാവുകയും ചെയ്‌തിരുന്നു. അതിനിടെയാണ് രോഗം വീണ്ടും ഗുരുതരമായത്.

2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013 ൽ പാൻസിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.