ലണ്ടൻ: കൊവിഡ് പ്രതിസന്ധി മറികടക്കാനായി 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ബ്രിട്ടീഷ് എയർവേസ് തയ്യാറെടുക്കുന്നു. കമ്പനിയുടെ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് എയർവേസിന്റെ മാതൃകമ്പനിയായ ഇന്റെർ നാഷണൽ എയർലൈൻ ഗ്രൂപ്പാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.
പദ്ധതികൾ ഇപ്പോഴും കമ്പനിയുടെ ആലോചനയിലാണ്. മാറുന്ന സാഹചര്യത്തിൽ 12,000ത്തോളം തൊഴിലാളികളെ കമ്പനിയ്ക്ക് ആവശ്യമില്ലാതായേക്കും. 2019 കാലയളവിന് സമാനമായ രീതിയിൽ യാത്രക്കാരെ ലഭിക്കാൻ ഇനി വർഷങ്ങളെടുക്കും - ഐ.എ.ജി അറിയിച്ചു. 4500 പൈലറ്റുമാരും 16000 കാബിൻ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവേസിലുള്ളത്.
കൊവിഡ് പ്രതിസന്ധിയുടെ അനന്തരഫലം കമ്പനി നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് എയർവേസ് ചീഫ് എക്സിക്യൂട്ടീവായ അലക്സ് ക്രൂസും മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമയാന മേഖല നിശ്ചലമായതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. നിലവിൽ വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള എമർജൻസി സർവീസ് മാത്രമാണ് ബ്രിട്ടീഷ് എയർവെയ്സ് നടത്തുന്നത്.