ലോകമാകെ കൊവിഡ് 19 എന്ന മഹാമാരി താണ്ഡവമാടുമ്പോൾ നമ്മുടെ കൊച്ചുകേരളം അതിനെതിരെ മികച്ച പ്രതിരോധമാണ് തീർക്കുന്നത്. ലോകത്തിനാകെ അതിജീവനത്തിന്റെ പ്രതീക്ഷയുടെ വെളിച്ചമായി കേരളം മാറുന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യവുമാണ്. പ്രതിസന്ധിയുടെ ഇരുട്ടിലും പ്രകാശം പകർന്ന് കേരളത്തെ മുന്നോട്ട് നയിക്കുന്നത് സംസ്ഥാന സർക്കാരും ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്നാണെന്നതും മറക്കാൻ പാടില്ലാത്ത വസ്തുതയാണ്.
എന്നിരുന്നാലും രോഗത്തിനെതിരെയുള്ള ജാഗ്രത കൈവെടിയാതിരിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. രോഗബാധിതരുടെ നിരക്ക് താരതമ്യേന കുറഞ്ഞുവരുന്ന ഈ വേളയിൽ പോലും നാം എല്ലായ്‌പോഴും രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ ഈ മഹാരോഗത്തെ നാം കീഴടക്കുക തന്നെ ചെയ്യും.
ഈ വേളയിൽ ഓരോ മലയാളിക്കും ധൈര്യവും കരുത്തും പകരാൻ ഒരു അതിജീവനത്തിന്റെ ഗാനവുമായി എത്തിയിരിക്കുകയാണ് നിങ്ങളുടെ പ്രിയപ്പെട്ട കൗമുദി ടി.വി. മലയാളത്തിലെ പ്രശസ്ത സിനിമാ, സീരിയൽ പ്രവർത്തകർ കൈകോർത്ത് തയാറാക്കിയിരിക്കുന്ന ഈ ഗാനം ഇപ്പോൾ യൂട്യൂബിലൂടെ കാണാവുന്നതാണ്.
വീഡിയോയുടെ ആശയത്തിന് പിന്നിൽ എസ്. മഹേഷ് ആണ്. നിർമാണം ദർശൻ രവി. അനിൽ റാം, അമൃത ജയകുമാർ എന്നിവർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അശ്വിൻ ജോൺസണാണ്. വരികളെഴുതിയത് രാജീവ് ഗോവിന്ദൻ. ടെലിവിഷൻ താരസംഘടനയായ 'ആത്മ', കേരള പി.ആർ.ഡി എന്നിവയുമായി സഹകരിച്ചാണ് കൗമുദി ടിവിയുടെ ഈ ഉദ്യമം.